ഏപ്രില്‍ 2ന് ചെതലത്ത് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും

0

കുറുവാ ഇക്കോടൂറിസം കേന്ദ്രം രണ്ട് മാസത്തോളമായി അടച്ചിട്ട് തൊഴിലാളികള്‍ക്ക് ജോലി നിഷേധിക്കുന്ന വനംവകുപ്പിന്റെ നടപടിക്കെതിരെ ഏപ്രില്‍ രണ്ടിന് ചെതലത്ത് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കുറുവ ടൂറിസം വര്‍ക്കേഴ്സ് യൂണിയന്‍ സി.ഐ.ടി.യു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും കുറുവാ ദ്വീപിനെ ആശ്രയിച്ച് കഴിയുന്ന മറ്റുള്ളവരും സമരത്തില്‍ പങ്കെടുക്കും.കുറുവാ ദ്വീപില്‍ വനംസംരക്ഷണ സമിതിയുടെ കീഴില്‍ 40 ഓളം പേരാണ് ജോലി ചെയ്തിരുന്നത്.

ഇതില്‍ 30 പേരും കാട്ടുനായ്ക്ക, പണിയ തുടങ്ങിയ പിന്നോക്ക ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ളവരാണ്. കഴിഞ്ഞ രണ്ട് മാസമായി ജോലിയില്ലാതായതോടെ ഈ കുടുംബങ്ങളെല്ലാം പട്ടിണിയിലാണ്. കോടിക്കണക്കിന് രൂപയാണ് പ്രതിവര്‍ഷം ഇവിടെ നിന്നും വനംവകുപ്പിന് വരുമാനമായി ലഭിക്കുന്നത്.എന്നാല്‍ ഈസ്റ്റര്‍, വിഷു തുടങ്ങിയ ആഘോഷങ്ങളെത്തി നില്‍ക്കുന്ന ഈ സമയത്ത് ആദിവാസികളടക്കമുള്ള ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുന്ന മനുഷ്യത്ത്വരഹിതമായ സമീപനമാണ് വനംവകുപ്പ് സ്വീകരിക്കുന്നത്.

മുമ്പ് വേനലിലും മഴക്കാലത്തും ദ്വീപ് അടച്ചിടുമ്പോള്‍ വനംസംരക്ഷണ സമിതിയിലെ തൊഴിലാളികളെ ഫയര്‍വാച്ചര്‍മാരായും ആന കാവലിനായുമൊക്കെ നിയോഗിക്കുമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി ഇവിടുത്തെ തൊഴിലാളികള്‍ക്ക് യാതൊരു ജോലിയും നല്‍കാന്‍ വനംവകുപ്പ് തയ്യാറാകുന്നില്ല. ഈ താത്കാലിക ജോലിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന വനംസംരക്ഷണ സമിതിയിലെ തൊഴിലാളികളിപ്പോള്‍ യാതൊരു വരുമാനവുമില്ലാതെ കഷ്ടപ്പെടുകയാണ്. പ്രതിമാസം 12000 രൂപയെങ്കിലും വരുമാനം ലഭിക്കത്തക്ക രീതിയില്‍ തൊഴില്‍ നല്‍കണമെന്നും വിഷുവിന് മുന്നോടിയായി 10000 രൂപയെങ്കിലും ധനസഹായം അനുവദിക്കണമെന്നും ഭാരവാഹികള്‍ ആഴവശ്യപ്പെട്ടു. സി.ഐ.ടി.യു. പഞ്ചായത്ത് സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, പി.ജെ. ഷിബു, ടി.ജി. മനോജ്, കെ.എം. ബാബു തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!