മീനങ്ങാടി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൊളഗപ്പാറ പെപ്പര്‍ എക്‌സ് റെസ്റ്റോറന്റില്‍ നടന്ന പരിശോധനയില്‍ പഴക്കം ചെന്ന ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തി.വൃത്തിഹീനമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പടെ അലക്ഷ്യമായി കൂട്ടിയിട്ട് കത്തിക്കുന്ന സാഹചര്യവും അഴുക്കു വെള്ളം കെട്ടിടത്തിന് പുറകിലെ തോട്ടത്തിലേക്ക് ഒഴുക്കിവിടുന്നതും ശ്രദ്ധയില്‍പ്പെട്ട ആരോഗ്യവകുപ്പ് അധികൃതര്‍ ഗ്രാമപഞ്ചായത്തില്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷബ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.സ്ഥാപനത്തിനെതിരെ ഗ്രാമപഞ്ചായത്ത് ഇരുപതിനായിരം രൂപയും,പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതിന് ആരോഗ്യ വകുപ്പ് കോട്പ നിയമപ്രകാരം 1400 രൂപയും പിഴ ചുമത്തി.തൊട്ടടുത്ത വയനാടിയ ബില്‍ഡിംഗിന് സമീപം റിംഗില്‍ പ്ലാസ്റ്റിക് കത്തിച്ച സ്ഥാപന ഉടമക്കെതിരെ ഗ്രാമപഞ്ചായത്ത് പതിനായിരം രൂപയാണ് പിഴ നിശ്ചയിച്ചത്. ഇതോടൊപ്പം തൊഴില്‍ കാര്‍ഡില്ലാതെ തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ച മൂന്ന് സ്ഥാപനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നോട്ടീസും നല്‍കിയിട്ടുണ്ട്. ഹെല്‍ത്തി കേരളയുടെ ഭാഗമായാണ് ആരോഗ്യ വകുപ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീത, ജെഎച്ച്‌ഐ മാരായ സജീവ്, നിഷ, ശ്യാമിലി എന്നിവരുടെ നേതൃത്വത്തില്‍ മീനങ്ങാടിയുടെ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം