മുത്തങ്ങ എക്സൈസ് ചെക്ക് പോസറ്റില്‍ യാത്രക്കാരില്‍ നിന്നും പണം പിടികൂടി നടപടികള്‍ പാലിക്കാതെ സൂക്ഷിച്ച സംഭവത്തില്‍ സ്ഥലംമാറ്റിയ മൂന്ന് എക്സൈസ് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ജോയിന്റ് എക്സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം എക്സൈസ് കമ്മീഷണറാണ് മൂവരെയും സസ്പെന്റ് ചെയ്ത് ഉത്തരവിറക്കിയത്. പ്രിവന്റീവ് ഓഫീസര്‍ പി എ പ്രകാശ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം കെ മന്‍സൂര്‍ അലി, എം സി സനൂപ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ഇവരുടെ പ്രവര്‍ത്തി ഡിപ്പാര്‍ട്ട്മെന്റിന് ദുഷ്പേര് ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 4 മണിയോടെ കര്‍ണാടകയില്‍ നിന്നും വന്ന കര്‍ണാട ആര്‍ടിസി യാത്രക്കാരില്‍ നിന്നും മതിയായ രേഖകകളില്ലാതെ കൊണ്ടുവന്ന 9 ലക്ഷം രൂപ പിടികൂടി നടപടി ക്രമങ്ങള്‍ പാലിക്കാതെ കൈവശം സൂക്ഷിച്ചതിലും മേലുദ്യോഗസ്ഥരെ അറിയക്കാത്ത സംഭവത്തിലുമാണ് മൂവര്‍ക്കുമെതിരെ നടപടി. സംഭവത്തെ തുടര്‍ന്ന് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വിവധ ഓഫീസുകളിലേക്ക് ഇവരെ സ്ഥലം മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് മൂവരെയും ഇപ്പോള്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരിക്കുന്നത്.