വയനാട്ടില്‍നിന്ന് കര്‍ണാടകയില്‍ ജോലിക്ക് കൊണ്ടുപോയ ആദിവാസികളുടെ ദുരൂഹ മരണങ്ങള് അന്വേഷിക്കണമെന്നും കാണാതായവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതി (എകെഎസ്) നേതൃത്വത്തില്‍ കര്‍മസമിതി രൂപീകരിച്ചു. കുടക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ തൊഴില്‍ പീഡനവും ലൈംഗിക ചൂഷണവും അന്വേഷിക്കണം. ഈ ആവശ്യങ്ങളുന്നയിച്ച് കര്‍മസമിതിയുടെ നേതൃത്വത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയെ നേരില്‍ കാണും.ബത്തേരിയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനിലാണ് തീരുമാനം
മരണപ്പെട്ടവരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങളെഉള്പ്പെടുത്തിയുള്ള സംഘം മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കും. കേരള മുഖ്യമന്ത്രിക്കും വിശദമായ നിവേദനം നല്‍കും.ആദിവാസി മരണങ്ങളും തൊഴില്‍ പീഡനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.നൂല്‍പ്പുഴ കോളൂര് കോളനിയില്‍നിന്ന് കാണാതായ വാസുവിനെ കണ്ടെത്തുന്നതിനായി കേരള ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കും. ബത്തേരിയില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ മരിച്ചവരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങള്‍ പങ്കെടുത്തു.
പണിക്കായി പോയവരുടെ മൃതദേഹങ്ങളാണ് തിരിച്ചെത്തിയതെന്ന് ഇവര്‍ പറഞ്ഞു. അന്വേഷണമോ, നടപടിയോ ഉണ്ടായിട്ടില്ല. എങ്ങനെയാണ് മരിച്ചതെന്നുപോലും കുടുംബാംഗങ്ങള്‍ക്ക് അറിയില്ല. ഇന്‍ക്വസ്റ്റോ, പോസ്റ്റ്മോര്‍ട്ടമോ നടത്തിയിട്ടില്ല. അമ്മമാര്‍ക്കൊപ്പം പോകുന്ന കുട്ടികള്‍ ഉള്‍പ്പെടെ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരകളാകുകയാണ്. തൊഴിലാളികള്‍ക്ക് ക്രൂരമായ മര്‍ദനവും ഏല്‍ക്കേണ്ടി വരികയാണ്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിമാരുടെ ശ്രദ്ധയില്‍ കൊണ്ടുവരും.കുടകിലേക്ക് ആദിവാസികളെ ജോലിക്കായി കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് 2008ല്‍ ഉത്തരവ് ഇറക്കിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്‍ദേശപ്രകാരം വയനാട് കലക്ടറാണ് ഉത്തരവിട്ടത്. തുടക്കത്തില്‍ ഇവ പാലിക്കപ്പെട്ടെങ്കിലും പിന്നീട് നിലച്ചു.തൊഴിലാളികളെ കൊണ്ടുപോകുമ്പോള്‍ ഈ നിര്‍ദേശം കൃത്യമായി പാലിക്കണം. തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. മരണങ്ങള് സംഭവിക്കാതിരിക്കാനും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ കൃത്യമായ അന്വേഷണം നടത്താനും ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.