സാമൂഹികാധിഷ്ഠിത ദുരന്ത നിവാരണ സംവിധാനം പ്രധാനം – മന്ത്രി – അഡ്വ.പി. എ മുഹമ്മദ് റിയാസ്

0

ദുരന്ത നിവാരണ മേഖലയില്‍ സാമൂഹികാധിഷ്ഠിത ദുരന്ത നിവാര സംവിധാനമാണ് യോജിച്ചതെന്ന് പെതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലയിലെ പട്ടിക വര്‍ഗ്ഗ കോളനികളെ ദുരന്ത പ്രതികരണ ക്ഷമതയുള്ള പട്ടികവര്‍ഗ്ഗ കോളനികളായി പ്രഖ്യാപിക്കല്‍, സംസ്ഥാനത്തിനായുളള പട്ടികവര്‍ഗ്ഗ ദുരന്ത നിവാരണ പദ്ധതിയുടെ സമാരംഭം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തെ വിശ്വാസത്തിലെടുത്ത് അവരുടെ ജീവിത സാഹചര്യങ്ങള്‍, സാംസ്‌കാരിക മൂല്യങ്ങള്‍ തുടങ്ങി വിവിധ മേഖലകള്‍ ഉള്‍കൊണ്ട് അവരില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്ന ആശയങ്ങളുടെ ആകെ തുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന ദുരന്തങ്ങളില്‍ അവ നേരിടാന്‍ പ്രാപ്തമായ പരിശീലനം ലഭിച്ച ജനതയെ സൃഷ്ടിക്കുന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിഭാഗത്തെ അണിനിരത്തി അവരെ പങ്കാളികളാക്കിയുള്ള പദ്ധതി ഏറെ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

ദുരന്തമുഖത്ത് കാഴ്ചക്കാരാകരുത്; രക്ഷകരാകണം
മന്ത്രി – എ.കെ ശശീന്ദ്രന്‍

ദുരന്തമുഖങ്ങളില്‍ കാഴ്ചക്കാരാകാതെ രക്ഷകരാകാന്‍ ഓരോരുത്തര്‍ക്കും സാധിക്കണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. ദുരന്ത നിവാരണ പ്രവര്‍ത്തങ്ങളില്‍ പ്രാദേശിക സമൂഹത്തിന്റെ പങ്ക് വലുതാണ്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്ത നിവാരണ അതോറിറ്റികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ദുരന്ത നിവാരണ-ലഘൂകരണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും പ്രധാനമാണ്. കോളേജ് ദുരന്ത നിവാരണ ക്ലബുകള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഇതിലൂടെ വിദ്യാര്‍ത്ഥികളില്‍ ദുരന്ത നിവാരണ അവബോധം സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

അന്തരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി വയനാട് ജില്ലയെ ‘ദുരന്ത പ്രതികരണ ക്ഷമത കൈവരിച്ച പട്ടികവര്‍ഗ്ഗ കോളനികളുള്ള ആദ്യ ജില്ല’ യായുള്ള പ്രഖ്യാപനവും എല്ലാവര്‍ക്കും പുനരുജ്ജീവനം വേര്‍തിരിവുകളില്ലാതെ’ എന്ന പേരില്‍ സംസ്ഥാനം മുഴുവനും പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള ദുരന്ത നിവാരണ പദ്ധതിയുടെ ഉദ്ഘാടനവുമാണ് നടന്നത്. ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ രാഹുല്‍ ഗാന്ധി എം പി യുടെ സന്ദേശം വായിച്ചു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കുവേണ്ടി നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ തയ്യാറാക്കിയ വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനവും കോളേജ് ദുരന്ത നിവാരണ ക്ലബിന്റെ ലോഗോ പ്രകാശനവും കെ.എസ്.ഡി.എം.എ മെമ്പര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് നിര്‍വ്വഹിച്ചു. ദുരന്ത നിവാരണ അതോററ്റിയുടെ പദ്ധതിയായ ആപ്തമിത്ര കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു.
അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ജില്ലാ തല ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാന ദാനം ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ പട്ടിക വര്‍ഗ്ഗ ദുരന്ത നിവാരണ പദ്ധതിയുമായി സഹകരിച്ച പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ്, എന്‍.ഡി ആര്‍.എഫ് എന്നിവര്‍ക്കുള്ള മൊമന്റോ വിതരണം നടന്നു. എം.എല്‍ എ മാരായ അഡ്വ.ടി.സിദ്ധീഖ്, സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, എ.ഡി.എം എന്‍.ഐ ഷാജു തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലയുടെ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധേയമായ ഒരു പദ്ധതിയാണ് പട്ടികവര്‍ഗ്ഗ കോളനികളിലെ ദുരന്ത നിവാരണ പദ്ധതി. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു ജില്ലയില്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്കുളള ഒരു ദുരന്ത നിവാരണ പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ളത്. ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പട്ടികവര്‍ഗ്ഗ സമൂഹങ്ങളില്‍പ്പെട്ടവര്‍ക്ക് ദുരന്ത നിവാരണ ബോധവല്‍ക്കരണവും പരിശീലനവും നല്‍കി ദുരന്തപ്രതികരണ ശേഷിയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 27 പട്ടികവര്‍ഗ്ഗ കോളനികളിലെ 758 ആളുകള്‍ക്ക് പ്രാഥമിക പരിശീലനവും തുടര്‍ന്ന് 126 പേര്‍ക്ക് നീന്തല്‍, സി.പി.ആര്‍ എന്നിവയില്‍ വിദഗ്ധ പരിശീലനവും നല്‍കി. റാപിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചതോടൊപ്പം ദുരന്ത നിവാരണ പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി 45 കേന്ദ്രങ്ങളില്‍ മഴമാപിനികള്‍ സ്ഥാപിക്കുകയും പട്ടിക വര്‍ഗ്ഗക്കാരായ വോളണ്ടിയര്‍മാരുടെ സഹായത്താല്‍ മഴയുടെ വിവരങ്ങള്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. പരിപാടിയുടെ ഭാഗമായി കണിയാമ്പറ്റ എം.ആര്‍.എസ് വിദ്യാര്‍ത്ഥികളുടെ വട്ടപ്പാട്ടും കണിയാമ്പറ്റ കലാ സംഘത്തിന്റെ വട്ടക്കളിയും നടന്നു.

Leave A Reply

Your email address will not be published.

error: Content is protected !!