നാട്ടുകലകളുടെ അവതരണത്തിനും പരിശീലനത്തിനും ഗവേഷണത്തിനുമായി ഓപ്പണ്‍ തീയ്യറ്ററുമായി ഒരു സര്‍ക്കാര്‍ വിദ്യാലയം. ഓടപ്പള്ളം ഗവ. ഹൈസ്‌കൂളാണ് സ്‌കൂള്‍ കോമ്പൗണ്ടില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കായി സംസ്‌കൃതി എന്നപേരില്‍ ഓപ്പണ്‍ തീയേറ്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. തീയേറ്ററിന്റെ ഉദ്ഘാടനം നാളെ കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്ത് തന്നെ തദ്ദേശീയമായ കലകള്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനായി പൊതുവിദ്യാലയങ്ങളില്‍ ഒരുക്കുന്ന ആദ്യ ഓപ്പണ്‍ തിയേറ്ററാണ് ഓടപ്പളളം ഗവ. ഹൈസ്‌കൂളിലെ സംസ്‌കൃതി. സ്‌കില്‍ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് സ്‌കൂള്‍ കോമ്പൗണ്ടില്‍ മനോഹരമായ ഓപ്പണ്‍ തിയേറ്റര്‍ നിര്‍മിച്ചത്. വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും വിവിധമേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുമായി അഭിമുഖങ്ങള്‍ നടത്തുന്നതിനും വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുന്നതിനും സംസ്‌കൃതി അവസരമൊരുക്കും.
പഠന സമയത്തിന് ശേഷം കുട്ടികള്‍ക്ക് നാടന്‍ കലകള്‍ അഭ്യസിക്കുന്നതിന് ഓപ്പണ്‍ തിയേറ്ററില്‍ സൗകര്യമുണ്ട്. ചൂട്ട് നാടന്‍ കലാ പഠന ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ കുട്ടികള്‍ക്ക് തിയേറ്ററില്‍ വച്ച് പരിശീലനം നല്‍കും. നാടന്‍പാട്ടുകള്‍, വിവിധ ഗോത്രകലാ രൂപങ്ങള്‍, സംഗീത ഉപകരണങ്ങള്‍ തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും. പണിപൂര്‍ത്തിയായ ഓപ്പണ്‍ തിയേറ്റര്‍ വെളളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ചൂട്ട് നാടന്‍കലാ പഠന ഗവേഷണ കേന്ദ്രത്തിന്റെ കലാപരിപാടികളും അരങ്ങേറും.