സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ സപ്തതി വര്‍ഷാചരണം 10ന് ആരംഭിക്കും
മാനന്തവാടി സെന്റ് ജോസഫ്‌സ് കത്തീഡ്രലിന്റെ എഴുപതാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കും. സപ്തതി വര്‍ഷാചരണം ഞായറാഴ്ച രാവിലെ എട്ടിന് മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കത്തീഡ്രലിന്റെ മുന്‍ വികാരിമാര്‍ക്ക് ദേവാലയ കവാടത്തില്‍ സ്വീകരണം നല്‍കും. സപ്തതി ആഘോഷത്തിന്റെ ഭാഗമായി ആത്മീയ, ജീവകാരുണ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ ഉന്നമനത്തിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഇടവകയുടെ മുന്‍ വികാരിമാരായ ഫാ. പോള്‍ മുണ്ടോളിയ്ക്കല്‍, ഫാ. ജെയിംസ് കുളത്തിനാല്‍, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. ജോര്‍ജ് മൈലാടൂര്‍, ഫാ. സണ്ണി മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ഫാ. ജോര്‍ജ് കഴിക്കച്ചാലിലാണ് 1954 സെപ്റ്റംബര്‍ എട്ടിന് പ്രവര്‍ത്തനം തുടങ്ങിയ ഇടവകയുടെ പ്രഥമ വികാരി. സപ്തതി വര്‍ഷാചരണ പ്രവര്‍ത്തനങ്ങള്‍ക്കായി കത്തീഡ്രല്‍ വികാരി ഫാ. സോണി വാഴക്കാട്ട് ചെയര്‍മാനും ജോസ് പുന്നക്കുഴി ജനറല്‍ കണ്‍വീനറുമായി 150 അംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം എന്നിവര്‍ രക്ഷാധികരികളാണ്. സംഘാടകസമിതി വൈസ് ചെയര്‍മാന്‍ കത്തീഡ്രല്‍ സഹവികാരി ഫാ. അനീഷ് പുരയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ ജോസ് പുന്നക്കുഴി, പബ്ലിസിറ്റി കണ്‍വീനര്‍ അത്തിക്കല്‍ ബേബി ജെയിംസ്, വൈസ് ചെയര്‍മാന്‍ സുനി ഫ്രാന്‍സിസ്, അഖില്‍ അലോഷി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.