മൂലങ്കാവ് എര്‍ളോട്ടുകുന്നില്‍ മൂന്നാംദിനവും കടുവാ ആക്രമണം. കല്ലാറ്റുകുടി സുരേന്ദ്രന്റെ വളര്‍ത്തുനായയെ കൂട് പൊളിച്ച് കടുവ കൊന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കടുവയെ കൂടുവെച്ച് പിടികൂടണമെന്ന് നാട്ടുകാര്‍.
കാല്ലാറ്റുകുടി കെ.എന്‍ സുരേന്ദ്രന്റെ ലാബ് ഇനത്തില്‍ പെടുന്ന മൂന്നര വയസ്സുള്ള നായയെയാണ് കടുവ കൊന്നത്. വീടിനോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന കൂടിന്റെ പലകയും നെറ്റുംകെട്ടിയ പുറകുവശം പൊളിച്ചാണ് കടുവ നായയെ പിടികൂടിയത്. കരച്ചില്‍കേട്ട് കിടപ്പുമുറിയുടെ ജനല്‍തുറന്നുനോക്കിയപ്പോള്‍ കടുവ നായയെ ആക്രമിക്കുന്നതാണ് കണ്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഉടനെ വനംവകുപ്പിനെ വിവരമറിയിച്ചതായും ജീവനക്കാര്‍ സ്ഥലത്തെത്തി നേരം പുലരും വരെ കാവലുമേര്‍്പ്പെടുത്തി. നായക്കൂടിനോട് ചേര്‍ന്നാണ് പശുക്കളെ കെട്ടിയിരിക്കുന്ന ആലയും. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ച പ്രദേശവാസിയായ ബിനുവിന്റെ മൂരിക്കുട്ടനെയും, ചൊവ്വാഴ്ച രാത്രി പ്രദേശത്തെ കോഴിഫാമിലും കടന്ന് കോഴികളെയും കടുവ കൊന്നിരുന്നു. തുടര്‍ച്ചയായി കടുവ ആക്രമണം ഉണ്ടായതോടെ എത്രയുംവേഗം ഇവയെ കൂടുവെച്ച് പിടികൂടണമെന്ന ആവശ്യമാണ് ഉയരുന്നത്. വനംവകുപ്പ് ശക്തമായ നിരീക്ഷണവും, പട്രോളിങ്ങും ഇവിടെനടത്തുന്നുണ്ട്. കടുവയെ കൂടുവെച്ച് പിടികൂടാനുള്ള നടപടികള്‍ കൈകൊണ്ടില്ലെങ്കില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നാണ് പ്രദേശവാസികളുടെ മുന്നറിയിപ്പ്. അതേസമയം കുറിച്യാട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ ആര്‍ആര്‍ടി അടക്കം 30-ാളം വനംവകുപ്പ് ജീവനക്കാര്‍ രണ്ട് ഗ്രൂപ്പായി തിരഞ്ഞ് പ്രദേശത്ത് തിരച്ചില്‍ നടത്തുകയും പട്രോളിങും ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതമുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.