തിരുനെല്ലിയില്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയ റിട്ട. അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ കുഴഞ്ഞു വീണു മരിച്ചു.

0

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ബലി തര്‍പ്പണത്തിനെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു.റിട്ട. അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ മലപ്പുറം കുറ്റിപ്പുറം പേരശ്ശന്നൂര്‍ എടച്ചലം ഉഷസ്സില്‍ സി. വേലായുധന്‍ പിള്ള (75) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ പാപനാശിനിക്ക് സമീപത്തായിരുന്നു സംഭവം. ഉടന്‍ തന്നെ ദേവസ്വം അധികൃതരും കൂടെയുണ്ടായിരുന്നവരും ദേവസ്വത്തിന്റെ വാഹനത്തില്‍ അപ്പപ്പാറയിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഈ സമയം ഇവിടെ ഡോക്ടറും ആംബുലന്‍സുമുണ്ടായിരുന്നില്ല.മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപ്പപ്പാറ കുടുംബാംരോഗ്യ കേന്ദ്രത്തില്‍ രാത്രി ഒന്‍പതു മുതല്‍ വൈകീട്ട് ആറുവരെയും ഞായറാഴ്ച ഉച്ചവരെയും മാത്രമേ ഡോക്ടറുടെ സേവനമുണ്ടാകാറുള്ളൂ. ദിനംപ്രതി നൂറുകണക്കിനാളുകള്‍ ബലിതര്‍പ്പണം നടത്താന്‍ തിരുനെല്ലിയിലെത്തുന്നുണ്ട്. ഇവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുപ്പത് കിലോമീറ്ററിലധികം ദൂരമുള്ള മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തേണ്ട സ്ഥിതിയാണ്. തിരുനെല്ലി ദേവസ്വത്തിന്റെ വാഹനത്തില്‍ കൊണ്ടുപോയ വേലായുധന്‍ പിള്ളയെ വഴിയില്‍വെച്ച് അപ്പപ്പാറ ആരോഗ്യകേന്ദ്രത്തിന്റെ ആംബുലന്‍സിലേക്ക് മാറ്റിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.
തിരുനെല്ലി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ വേലായുധന്‍ പിള്ളയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: പേരശ്ശന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ പരേതയായ കെ.പി. തങ്കം. മക്കള്‍: ബിന്ദു, ബിനു, അഭിലാഷ്. മരുമക്കള്‍: വിഷ്മുദാസ്, സഞ്ജയ്, ടിന്റു.

Leave A Reply

Your email address will not be published.

error: Content is protected !!