മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം അനുവദിക്കില്ല:  ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തക സംഗമം.

0

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്ന് ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു.മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്‌സിന്റെ സമ്പൂര്‍ണ്ണ യോഗം മുന്നറിയിപ്പ് നല്‍കി.ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരുടെ സമ്പൂര്‍ണ്ണ സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഒമാക് വയനാട് ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷനായിരുന്നു.ഓണ്‍ലൈന്‍ റിപ്പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ കേരള (ഒമാക്) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ മാധ്യമ രംഗത്തെ സമ്പൂര്‍ണ്ണ സംഗമം നടത്തിയത്.

 

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ പ്രമേയത്തിലൂടെ സംഗമം അനുശോചനം രേഖപ്പെടുത്തി.മുനീര്‍ പാറക്കടവത്ത് പ്രമേയവതരിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കള്ളകേസുകള്‍, മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന പ്രവണതകള്‍, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരോടുള്ള നിഷേധാത്മക സമീപനം എന്നിവക്കെതിരെ സി.ഡി.സുനീഷ്, സുജിത്ത് ദര്‍ശന്‍, ആര്യ ഉണ്ണി എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെയും പ്രൊഫഷണല്‍ മാധ്യമ പ്രവര്‍ത്തകരായി അംഗീകരിക്കണമെന്നും ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര- കേരള സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കാനും കേന്ദ്ര ഓണ്‍ലൈന്‍ മാധ്യമ നയത്തില്‍ ഭേദഗതികള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനും തീരുമാനമായി.

വാര്‍ത്തകള്‍ പരസ്യങ്ങള്‍ എന്നിവക്കായി പൊതു ജനങ്ങള്‍ക്കുപകരിക്കും വിധം ഏക ജാലക സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ഒമാക് കുടുംബസംഗമവും ഓണാഘോഷവും ജനറല്‍ ബോഡി യോഗവും തിരഞ്ഞെടുപ്പും ആഗസ്റ്റ് മാസം അവസാനം നടക്കും.വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കും. ഒമാക് മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം, ചാരിറ്റി ഫണ്ട് കൈമാറ്റം എന്നിവയും ഇതോടനുബന്ധിച്ച് നടന്നു. അടുത്തിടെ വിവാഹിതരായ അവനീത് ഉണ്ണിക്കും അഞ്ജലിക്കും ചടങ്ങില്‍ സ്വീകരണം നല്‍കി.സെക്രട്ടറി അന്‍വര്‍ സാദിഖ്, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തംഗം ജാസിര്‍ പിണങ്ങോട് ,കണിയാമ്പറ്റ ഗ്രാമപഞ്ചായത്തംഗം പി.ലത്തീഫ്, സിജു പടിഞ്ഞാറത്തറ, ഡാമിന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!