2023 മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ റാങ്ക് നഷ്ടപ്പെട്ട ഹൃദ്യ മരിയ ബേബിക്ക് പുനര്‍ മൂല്യനിര്‍ണയത്തിന്റെയും , ഇംപ്രൂവ്‌മെന്റിന്റെയും ഫലം പുറത്തുവന്നപ്പോള്‍ മിന്നുന്ന വിജയം. മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയായിരുന്ന ഹൃദ്യ 1200ല്‍ 1200 മാര്‍ക്കും നേടിയാണ് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനക്കാരുടെ പട്ടികയിലിടം പിടിച്ചത്. മെയ് മാസത്തില്‍ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഇത്തവണ ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്കും മുഴുവന്‍ സ്‌കോര്‍ ലഭിച്ചിരുന്നില്ല. ഇതോടെ ജില്ലയിലെ ഒന്നാം സ്ഥാനക്കാരി എന്ന ബഹുമതിയും ഈ മിടുക്കിക്കാണ് .
ഒന്നാം വര്‍ഷ പരീക്ഷയില്‍ മുഴുവന്‍ സ്‌കോറും ലഭിച്ചിരുന്നെങ്കിലും, രണ്ടാം വര്‍ഷ ഫലത്തില്‍ ഇംഗ്ലീഷില്‍ ആറ് മാര്‍ക്ക് കുറഞ്ഞതിനാല്‍ ജില്ലയിലെ ആദ്യ മൂന്ന് റാങ്കുകാരുടെ പട്ടികയിലും ഉള്‍പ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ മുഴുവന്‍ സ്‌കോറും ലഭിക്കുന്നവര്‍ സംസ്ഥാന തലത്തില്‍ തന്നെ വിരളമാണ്. കല്‍പ്പറ്റ എമിലി സ്വദേശിയും പൊഴുതന ഗ്രാമ പഞ്ചായത്തിലെ റിട്ടയേര്‍ഡ് സൂപ്രണ്ടുമായ എ.എം ബേബിയുടെയും , റിട്ടയേര്‍ഡ് അധ്യാപിക കെ.പി മേരി ക്കുട്ടിയുടെയും മകളാണ്.