പഴശ്ശി പാര്‍ക്ക് 10 ദിവസത്തിനിടെ സന്ദര്‍ശിച്ചത് 2500 ഓളം പേര്‍; വരുമാനത്തില്‍ വര്‍ധനവ്
മാനന്തവാടി: നവീകരണ പ്രവര്‍ത്തികള്‍ക്ക് ശേഷം വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത പഴശ്ശി പാര്‍ക്കില്‍ 10 ദിവസത്തിനിടെ സന്ദര്‍ശിച്ചത് 2500 ഓളം പേര്‍. ഈ കാലയളവില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് വരുമാന ഇനത്തില്‍ ലഭിച്ചതാകട്ടെ 63,220 രൂപയും കബനി പുഴയോരത്ത് പ്രകൃതി രമണിയമായി നിര്‍മ്മിച്ച പാര്‍ക്ക് 1994 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ പാര്‍ക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും ബോട്ടിംഗ് ഉള്‍പ്പെടെയുള്ളവയില്‍ നിന്നായി ഡിടിപിസിക്ക് നല്ലൊരു തുക വരുമാന ഇനത്തില്‍ ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് നാശത്തിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. വര്‍ഷങ്ങളായി അടഞ്ഞ് കിടക്കുകയായിരുന്ന പാര്‍ക്ക് കഴിഞ്ഞ മാസം 27നാണ് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപയും ഡി ടി പി സി യുടെ 38 ലക്ഷം രൂപയും ഉപയോഗിച്ചാണ് പാര്‍ക്ക് നവീകരിച്ചത്. നടപ്പാത, കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങള്‍, ഇരിപ്പിടങ്ങള്‍, ബോട്ടിംഗ്, വികലാംഗര്‍ക്കായുള്ള ടോയ് ലറ്റ് എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ നിത്യേന സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.ഡിസംബര്‍ 30 നാണ് പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഏറ്റവും കുടുതല്‍ പേര്‍ പാര്‍ക്ക് സന്ദര്‍ശിച്ചത്. 552 പേര്‍ ഇവിടം സന്ദര്‍ശിക്കുകയും 14450 രൂപ വരുമാനമായി ലഭിക്കുകയും ചെയ്തു. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്റ്റില്‍ ക്യാമറക്ക് 20 രൂപയും വീഡിയോ ക്യാമറക്ക് 100 രൂപയുമാണ് ഈടാക്കുന്നത്. രണ്ട് പേര്‍ക്ക് സഞ്ചാരിക്കാവുന്ന പെഡല്‍ ബോട്ടിന് 200 രൂപയും 4 പേര്‍ക്കുള്ള ബോട്ടിന് 350 രൂപയുമാണ് നിരക്ക്. രണ്ടാം ഘട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്ന തൊടെ പാര്‍ക്ക് മുഴുവന്‍ ലൈറ്റുകള്‍ സ്ഥാപിക്കും ഇതൊടെ പ്രവര്‍ത്തനം സമയം 9 മണി വരെയായി ദീര്‍ഘിപ്പിക്കാന്‍ കഴിയുകയും കൂടുതല്‍ പേര്‍ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പാര്‍ക്ക് മാനേജര്‍ ബൈജു പറഞ്ഞു.