കര്‍ക്കിടകവാവുബലി :തിരുനെല്ലി ക്ഷേത്രത്തില്‍ ആയിരങ്ങളെത്തി
പിതൃമോക്ഷത്തിന് ബലിതര്‍പ്പണം നടത്താന്‍ കര്‍ക്കിടകവാവുബലി ദിനത്തില്‍ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ആയിരങ്ങളെത്തി. ദര്‍ഭയ്‌ക്കൊപ്പം കൂവ ഇലയില്‍ പൊതിഞ്ഞ എള്ളും ഇലയും അരിയും ചന്ദനവും തുളസിയുമായി പാപനാശിനിയില്‍ മുങ്ങി ഈറനായെത്തിയ വിശ്വാസികള്‍ വാധ്യാന്മാര്‍ ചൊല്ലിക്കൊടുത്ത മന്ത്രം ഏറ്റുചൊല്ലി, ഏഴുതലമുറകള്‍ക്ക് ബലിയിട്ട് പിതൃക്കളുടെ മോക്ഷത്തിനായി പ്രാര്‍ത്ഥിച്ചു.
പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പാപനാശിനിക്കരയില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങിയത് .ഉച്ചക്ക് ഒരു മണിക്കാണ് ചടങ്ങുകള്‍ അവസാനിപ്പിക്കുക. മഴ മാറി നിന്നത് വിശ്വാസികള്‍ക്ക് അനുഗ്രഹമായി. സ്വാകാര്യ, ടാക്‌സി വാഹനങ്ങള്‍ കാട്ടിക്കുളത്ത് നിര്‍ത്തി കെ.എസ്.ആര്‍.ടി.സി. ബസ്സുകളിലാണ് വിശ്വാസികളെ ക്ഷേത്രത്തിലേക്കെത്തിച്ചത്. ക്ഷേത്രത്തിലെത്തിയവര്‍ക്ക് ദേവസ്വം ഇന്നലെ രാത്രി അത്താഴവും ഇന്ന് രാവിലെ പ്രഭാത ഭക്ഷണവും സൗജന്യമായി നല്‍കി. രാത്രി ഒരു മണി മുതല്‍ സേവാഭാരതിയുടെയും ഡി വൈ എഫ് ഐ യുടെയും നേതൃത്വത്തില്‍ ചുക്കു കാപ്പിയും വിതരണം ചെയ്യുന്നുണ്ടായിരുന്നു.
ഇതരജില്ലകളില്‍ നിന്നും തിരുനെല്ലിയിലേക്ക് കെ.എസ്.ആര്‍.ടി.സി. യുടെ ബസ്സുകള്‍ പ്രത്യേക സര്‍വീസ് നടത്തി. ക്ഷേത്രത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് എക്‌സി. ഓഫീസര്‍ കെ.വി നാരായണന്‍ നമ്പൂതിരി, പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസ്, മാനേജര്‍ പി.കെ. പ്രേമചന്ദ്രന്‍ , സീനിയര്‍ ക്ലര്‍ക്ക് ടി സന്തോഷ്എന്നിവര്‍ നേതൃത്വം നല്‍കി.