കല്ലൂര്‍ പുഴ കരകവിഞ്ഞു:9കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

0

നൂല്‍പ്പുഴ പഞ്ചായത്തിലെ പുഴംകുനി പണിയ കോളനിയിലെ 9കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. വെള്ളംകയറിയിട്ടും മാറാന്‍ തയ്യാറാകാതിരുന്ന കുടുംബങ്ങളെ ഫയര്‍ഫോഴ്സെത്തിയാണ് സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയത്. കല്ലൂര്‍ ഗവ. സ്‌കൂളില്‍ സജ്ജീകരിച്ച ക്യാമ്പിലേക്കാണ് കുടുംബങ്ങളെ മാറ്റിയത്. മഴകനത്താല്‍ കൂടുതല്‍ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റേണ്ടിവരും.

കഴിഞ്ഞ രാത്രിയിലും ഇന്നുപുലര്‍ച്ചെയുമായി പെയ്ത ശക്തമായ മഴയിലാണ് നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലൂര്‍പുഴ കരകവിഞ്ഞത്. ഇതോടെ സമീപത്തെ പുഴംകുനി പണിയകോളനി ഒറ്റപ്പെട്ടു. തുടര്‍ന്ന് രാവിലെതന്നെ പഞ്ചായത്ത്, റവന്യു, ട്രൈബല്‍ അധികൃതര്‍ സ്ഥലത്തെത്തി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാന്‍ ശ്രമംനടത്തി. എന്നാല്‍ കുടുംബങ്ങള്‍ വിടൊഴിഞ്ഞ് വരാന്‍ സജ്ജരായില്ല. നിരവധി തവണ കുടുംബങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടും കുടുംബങ്ങള്‍ വരാതായതോടെ അധികൃതരും ആശങ്കയിലായി. തുടര്‍ന്ന് പത്തരയോടെ സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി കോളനിയിലേക്ക് നീങ്ങി. പിന്നീട് കോളനി നിവാസികളെ അപകട ഭീഷണി ബോധ്യപ്പെടുത്തി പതിനൊന്നരയോടെ കരക്കെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ കല്ലൂര്‍ ഹൈസ്‌കൂളില്‍ സജ്ജീകരിച്ച ക്യാമ്പിലേക്ക് മാറ്റി. രണ്ടിടങ്ങളിലായി ഒറ്റപ്പെട്ട 9 കുടുംബങ്ങളിലെ കുട്ടികളടക്കം 26 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. മഴ തുടര്‍ന്ന് സമീപത്തെ പുഴകള്‍ കരകവിഞ്ഞാല്‍ മുക്കുത്തിക്കുന്ന്,മുത്തങ്ങ ചുണ്ടക്കുനി, കാക്കത്തോട് തുടങ്ങിയ ഇടങ്ങളിലെ കുടുംബങ്ങളെയും മാറ്റേണ്ടതായി വരും. ഇതിനുള്ള എല്ലാസജ്ജീകരണങ്ങളും റവന്യു, പഞ്ചായത്ത്, ട്രൈബല്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ അറിയിക്കാനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട. പഞ്ചായത്ത് പ്രസിഡണ്ട്്്് ഷീജ സതീഷ്, വൈസ് പ്രസിഡണ്ട് എന്‍ എ ഉസ്ാമനടക്കം ജനപ്രതിനിധികളും, പഞ്ചായത്ത്, റവന്യും, ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!