പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു :ചികിത്സ തേടിയത് 6166 പേര്‍
കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണവും വര്‍ധിക്കുന്നു. ജൂണ്‍ 1 മുതല്‍ 14 വരെ ഒരു ലക്ഷത്തോളം പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി.ഡെങ്കിപ്പനി ഉള്‍പ്പെടെ ബാധിച്ച് 14 പേര്‍ മരണമടയുകയും ചെയ്തു. ജില്ലയില്‍ 6166 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടിയാകുമ്പോള്‍ പനി ബാധിതരുടെ എണ്ണം ഇരട്ടിയാകും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ കാലയളവിനുള്ളില്‍ ചികിത്സ തേടി എത്തിയവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായാണ് സൂചന.
പനി ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ പനി ക്‌ളിനിക്കുകളും ആരംഭിച്ചിട്ടുണ്ട്, ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികളും വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്, കാലവര്‍ഷാരംഭത്തില്‍ പകര്‍ച്ച പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദ്ദേശവും നൂരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഗുളികകള്‍ വാങ്ങി സ്വയം ചികിത്സ തേടരുതെന്നും, തുടക്കത്തിലെ തന്നെ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.