ജില്ലയില്‍ അര്‍ബുദ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

0

ജില്ലയില്‍ പാലിയേറ്റിവ് കേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്ത അര്‍ബുദ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 1000 പേരാണ് കഴിഞ്ഞ ഒരു വര്‍ഷം വര്‍ധിച്ചത്. 2022 മാര്‍ച്ച് മാസം അവസാനിക്കുമ്പോള്‍ ജില്ലയിലെ രോഗികളുടെ എണ്ണം 2972 പേരായിരുന്നു.എന്നാല്‍ ഒരു വര്‍ഷം പിന്നിട്ട് 2023 മാര്‍ച്ച് മാസം അവസാനിക്കുമ്പോള്‍ 1000 രോഗികളുടെ എണ്ണം വര്‍ധിച്ച് 3972 ആയി.ഇവരില്‍ 699 പേര്‍ മരണത്തിന് കീഴടങ്ങി.39 പേര്‍ മറ്റുജില്ലകളിലേക്ക് ചേക്കേറി.പാലിയേറ്റീവ് കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാത്ത അര്‍ബുദ രോഗികളും ജില്ലയിലുണ്ട്.

പാലിയേറ്റീവ് കേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്തതില്‍ ഏറ്റവും കൂടുതല്‍ അര്‍ബുദ രോഗികള്‍ ഉള്ളത് അമ്പലവയല്‍ പഞ്ചായത്ത് പരിധിയിലാണ്. ഇവിടെ 250 രോഗികള്‍ ഉണ്ട്. തവിഞ്ഞാല്‍ പഞ്ചായത്തില്‍ 202 പേരും, പനമരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ 178 പേരും, ബത്തേരി മുന്‍സിപാലിറ്റി പരിധിയില്‍ 177 രോഗികളുമാണ് നിലവില്‍ ഉള്ളത്. അര്‍ബുദ രോഗം ബാധിക്കുന്നതില്‍ കൂടുതല്‍ പേരും സ്ത്രീകളാണ്.സ്തന-ഗര്‍ഭാശയ അര്‍ബുദമാണ് സ്ത്രീകളെ കൂടുതലായി ബാധിക്കുന്നത്.

2022 ഒക്ടോബര്‍ മാസം വരെയുള്ള കണക്ക് പ്രകാരം 634 സ്തനാര്‍ബുദ രോഗികളും, വയര്‍-വന്‍കുടല്‍- ചെറുകുടല്‍ സംബന്ധമായ അര്‍ബുദം ബാധിച്ച് 330 പേരും ഉണ്ട്. വായിലെ അര്‍ബുദം ബാധിച്ച് 296 പേരും, കഴുത്ത് – തലഭാഗങ്ങളില്‍ രോഗം ബാധിച്ച് 213 പേരും, 193 പേര്‍ക്ക് ഗര്‍ഭാശയത്തും, 139 പേര്‍ക്ക് ശ്വാസകോശാര്‍ബുദവും ഉണ്ട്. നേരത്തെ കണ്ടെത്തി ഫലപ്രദമായി ചികിത്സിച്ചാല്‍ പല അര്‍ബുദങ്ങളും ഭേദമാക്കാനാകും.
രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് കണക്കിലാക്കി സംസ്ഥാന സര്‍ക്കാര്‍ ക്യാന്‍സര്‍ സ്ട്രാജറ്റിക് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി വരുന്നുണ്ട്.ആരോഗ്യവകുപ്പിന് കീഴില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് മുന്‍കൂര്‍ രോഗ നിര്‍ണ്ണയ ക്ലിനിക്കുകള്‍ നടപ്പിലാക്കി വരുന്നുണ്ട്. നല്ലൂര്‍ നാട് ഗവ.ട്രൈബല്‍ ഹോസ്പിറ്റല്‍ ആണ് ജില്ലയിലെ ഏക ക്യാന്‍സര്‍ ആശുപത്രി. കീമോതെറാപ്പി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. കീമോതെറാപ്പി എടുക്കുന്നവരില്‍ രക്താണുക്കള്‍ കുറവുള്ളവരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട് . ഗ്രാമീണ മേഖലയിലെ രോഗികള്‍ക്ക് കൂടുതല്‍ വിദഗ്ദ ചികിത്സ ലഭിക്കുന്നതിനായി ശ്രീ ചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ ടെലി മെഡിസിന്‍ സൗകര്യം ലഭ്യമാക്കി വരുന്നുണ്ട്. പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ ജനങ്ങളെ ബോധവത്ക്കരിക്കാനും, ഉപയോഗം ഇല്ലാതാക്കാനും സ്‌കൂളുകളും കോളനികളും കേന്ദ്രീകരിച്ച് ‘ പുക-ഇല്ലാ ‘ ക്യാംപയിനും നടത്തുണ്ട്

‘ അര്‍ബുദം ഒരു ജീവിതശൈലി രോഗമാണ്. നമ്മുടെ ശരിയല്ലാതെ ആഹാരരീതികള്‍, പുകയിലാ ഉത്പനങ്ങള്‍ ചവക്കുന്നതും, വലിക്കുന്നതും വഴി, മദ്യപാനം എന്നി ദുശ്ശീലനങ്ങള്‍ വഴിയും കാന്‍സര്‍ ഭാവിയില്‍ വരാന്‍ ഇടയാകുന്നു. അര്‍ബുദത്തിന്റെ രോഗലക്ഷണങ്ങള്‍ എല്ലാരും മനസിലാക്കുകയും, ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനെ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ആവശ്യമുള്ള പരിശോധനങ്ങളും, ചികിത്സയും എത്രയും നേരത്തെ ചെയ്യേണ്ടതാണ് ‘

Leave A Reply

Your email address will not be published.

error: Content is protected !!