ഡോക്ടര്‍മാരുടെ അഭാവം: ന്യൂട്രോപീനിയ വാര്‍ഡ് അടച്ചു
ജില്ലാ ക്യാന്‍സര്‍ സെന്ററില്‍ മൂന്ന് മാസം മുമ്പ് ആരംഭിച്ച ന്യൂട്രോപീനിയ വാര്‍ഡ് ഡോക്ടര്‍മാരുടെ അഭാവത്തില്‍ അടച്ചു.നിലവിലുണ്ടായിരുന്ന 8 ഡോക്ടര്‍മാരില്‍ മൂന്ന് പേരുടെ കുറവ് വന്നതാണ് വാര്‍ഡ് അടക്കാനിടയാക്കിയത്.കീമോതെറാപ്പി എടുക്കുന്ന ക്യാന്‍സര്‍ രോഗികളില്‍ രക്താണുക്കള്‍ കുറയുന്ന ന്യൂട്രോപീനിയ എന്ന അവസ്ഥയുളളവരെ കിടത്തി ചകിത്സിക്കുന്നതിന് വേണ്ടിയാണ് വാര്‍ഡ് ആരംഭിച്ചത്.
കഴിഞ്ഞ വര്‍ഷം ആരോഗ്യ വകുപ്പ് മന്ത്രി നല്ലൂര്‍നാട്ടിലെ ജില്ലാ ക്യാന്‍സര്‍ സെന്റര്‍ സന്ദര്‍ശിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് ക്യാന്‍സര്‍ രോഗികള്‍ക്കായി ഘട്ടം ഘട്ടമായി ആശുപത്രിയില്‍ ഐ.പി സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചത്.ആദ്യഘട്ടമെന്ന നിലയില്‍ ന്യൂട്രോപീനിയ വാര്‍ഡാണ് 2022 ഡിസംബറില്‍ തുടങ്ങിയത്.10 ലക്ഷം രൂപ ചിലവില്‍ മള്‍ട്ടി പാരാ മോണിറ്റര്‍ സംവിധാനത്തോടെയുള്ള 10 ബെഡുകളാണ് ഇതിനായി ഒരുക്കിയത്.പുറമെ നേരത്തെയുണ്ടായിരുന്ന കെട്ടിടം നവീകരിച്ച് സജ്ജമാക്കുകയും ആഘോഷപൂര്‍വ്വം സ്ഥലം എം എല്‍ എ യുടെ നേതൃത്വത്തില്‍ വാര്‍ഡ് പ്രവര്‍ത്തനം ഉദ്ഘാടനം നടത്തുകയും ചെയ്തു.എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാര്‍ഡ് അടച്ചിട്ടിരിക്കുകയാണ്.ക്യാന്‍സര്‍ സെന്ററിലെത്തുന്ന ആദിവാസിവിഭാഗത്തില്‍ നിന്നുള്‍പ്പെടെയുള്ള രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്.ഇതോടെ രോഗികളും കൂട്ടിരിപ്പിനെത്തുന്നവരും ദുരിതത്തിലായി.വാര്‍ഡ് അടച്ചിട്ടതിനെതിരെ ആദിവാസി വിഭാഗത്തില്‍ പെട്ട രോഗികള്‍ ചേര്‍ന്ന് ആരോഗ്യവകുപ്പ് മന്ത്രിക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. അതേ സമയം രണ്ട് ഡോക്ടര്‍മാരെ താത്ക്കാലികമായി നിയമിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.