പ്രവര്‍ത്തനമാരംഭിക്കാതെ ജില്ലയിലെ ആദ്യത്തെ ട്രാഫിക് പാര്‍ക്ക്
ലക്ഷങ്ങള്‍ ചിലവഴിച്ച് കുട്ടികള്‍ക്കായി നിര്‍മ്മിച്ച ജില്ലയിലെ ആദ്യത്തെ ട്രാഫിക് പാര്‍ക്ക് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തനമാരംഭിച്ചില്ല.വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് നിയമങ്ങളെ കുറിച്ചും റോഡ് സുരക്ഷയെകുറിച്ചും അവബോധം നല്‍കുന്നതിനായാണ് മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ 2019ല്‍ പാര്‍ക്ക് സജ്ജീകരിച്ചത്. ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്മെന്റ് അനുവദിച്ച 33 ലക്ഷം രൂപ ഉപയോഗിച്ചാണ് പാര്‍ക്ക് സജ്ജമാക്കിയത്.
കെല്‍ട്രോണിനായിരുന്നു നിര്‍മ്മാണ ചുമതല. സംസ്ഥാനത്ത് കണ്ണൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് സര്‍ക്കാര്‍ ട്രാഫിക് പാര്‍ക്ക് അനുവദിച്ചിരുന്നത്.ട്രാഫിക് സിഗ്നലുകള്‍, ദിശ സുചക ബോര്‍ഡുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, വളവുകള്‍, സ്‌കൂള്‍ പരിസരം, ഹമ്പുകള്‍ തുടങ്ങി വാഹനയാത്രക്കാര്‍ക്ക് ആവശ്യമായി വരുന്ന എല്ലാ ബോര്‍ഡുകളും പാര്‍ക്കില്‍ സ്ഥാപിച്ചിരുന്നു.
ബോധവല്‍ക്കരണ ക്ലാസ്സുകള്‍ക്കായുള്ള മുറിയില്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കി. പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്‌ക്കൂളിന്റെ മതിലില്‍ ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള സന്ദേശങ്ങള്‍ നല്‍കുന്നതിനായി കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു. 2019 നവംബറില്‍ അന്നത്തെ പോലീസ് മേധാവി
പാര്‍ക്കിന്റെ് ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചുവെങ്കിലും പ്രവര്‍ത്തന സജ്ജമായില്ല. നിലവില്‍ പാര്‍ക്കിലെ സജ്ജീകരണങ്ങള്‍ തകരുകയും ഉപയോഗ ശൂന്യമാവുകയും ചെയ്തു.