പരസ്പരാശ്രിത പരിസ്ഥിതി സംരക്ഷണത്തിന് കാടും നാടുമായുള്ള സഹവര്‍ത്തിത്വം അനിവാര്യമാണെന്ന് വനം-വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട മാധ്യമ ശില്‍പ്പശാല വിലയിരുത്തി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും വനം വന്യജീവി വകുപ്പും വയനാട് പ്രസ് ക്ലബ്ബും ചേര്‍ന്ന് മുത്തങ്ങയില്‍ ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടത്തിയ ശില്‍പ്പശാലയാണ് കാലിക പ്രസക്തമായ വിഷയാവതരണം കൊണ്ട് ശ്രദ്ധേയമായത്.
വയനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത മുനുഷ്യനും വന്യമൃഗങ്ങളും തമ്മിലുളള പരസ്പരാശ്രിതത്വം അനിവാര്യമാക്കുന്നു. വനം വന്യജീവി സംരക്ഷണത്തോടൊപ്പം നാട് നേരിടുന്ന വെല്ലുവിളികള്‍ കൂടി ജനകീയമായി ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനുമുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാവുകയാണ്. ഇതിനിടയില്‍ കാടിനെയും നാടിനെയും തമ്മിലടിപ്പിക്കാനുള്ള നീക്കങ്ങള്‍ ശുഭകരമല്ല. ആരും ശത്രുപക്ഷത്തല്ല. പ്രകൃതിയുടെയും പ്രകൃതി വിഭവങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണം ഉറപ്പാക്കണം. വനനിയമങ്ങള്‍ ആര്‍ക്കും എതിരല്ല. അന്തര്‍ ദേശീയതലത്തിലുള്ള വന്യജീവി സംരക്ഷണ ദൗത്യ നിര്‍വ്വഹണത്തില്‍ നിന്നും പിന്നോട്ട് പോകാനും കഴിയില്ല. വന്യജീവികള്‍ക്ക് കാട്ടില്‍ തന്നെ അധിവസിക്കാനുള്ള ആവാസ സാഹചര്യങ്ങള്‍ പരമാവധി ഉറപ്പിക്കുക എന്നതാണ് ലക്ഷ്യം. കാലാവസ്ഥയിലെ മാറ്റങ്ങളും ആവാസ സാഹചര്യങ്ങളിലെ മാറ്റങ്ങളും വന്യജീവികളുടെ സൈ്വര്യ ജീവിതത്തിന് ഭംഗം വരുത്തുമ്പോഴാണ് ഇവ നാട്ടിലേക്ക് ഇറങ്ങാന്‍ ഇടയാകുന്നത്. കാടും നാടും തമ്മില്‍ വേര്‍തിരിച്ച് ഫലപ്രദമായുള്ള വന്യ ജീവി പ്രതിരോധ സംവിധാനമാണ് ജില്ലക്കായി തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാനിലൂടെ ലക്ഷ്യമിടുന്നതെന്ന് ശില്‍പ്പശാലയില്‍ പങ്കെടുത്ത വനം വന്യജീവി പരിപാലകര്‍ പറഞ്ഞു.
വനാതിര്‍ത്തികളില്‍ ഉള്‍പ്പെടെ ജനസമൂഹം നേരിടുന്ന, വനം വകുപ്പുമായും വന്യ ജീവികളുമായും ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ശില്‍പശാലയില്‍ ചൂണ്ടിക്കാട്ടി. കാടും നാടുമായുള്ള സംഘര്‍ഷം ഭൂഷണമല്ല. കാര്യക്ഷമമായതും ഫലപ്രദമായതുമായ തീരുമാനങ്ങളാണ് വേണ്ടത്. കാടിന്റെ ആവാസ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണം. കടുവ പോലുള്ള വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് വന്യമൃഗത്തിനും നാടിനും ഒരു പോലെ ആപത്താണ്. വനാതിര്‍ത്തി ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വനം വകുപ്പ് തടസ്സമാകുന്നുവെന്ന പരാതികള്‍ പരിഹരിക്കപ്പടണം.
ശില്‍പശാലയില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസ്, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം, സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ എം.ടി ഹരിലാല്‍, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അജേഷ് മോഹന്‍ദാസ് , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുനില്‍കുമാര്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് നിസാം കെ അബ്ദുളള, ട്രഷറര്‍ ജോമോന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.