നെന്മേനി പഞ്ചായത്തിലെ കടുവ പ്രശ്‌നം പരിഹരിക്കാന്‍ സൗത്ത് വയനാട് ഡി എഫ് ഒയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി പഞ്ചായത്ത് ഭരണ നേതൃത്വം.വിഷയത്തില്‍ വനം വകുപ്പുദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടികള്‍ നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി നേതൃത്വം വനം വകുപ്പിന് ഉറപ്പ് നല്‍കി. അതേസമയം ഗ്രാമവാസികളെ ദ്രോഹിക്കുന്ന തരത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആരെങ്കിലും പെരുമാറിയതായി തെളിഞ്ഞാല്‍ അവരെ സംരക്ഷിക്കില്ലെന്നും നടപടി എടുക്കുമെന്ന് ഡി എഫ്ഒയും ഉറപ്പ് നല്‍കി.
നെന്മേനി പഞ്ചായത്തിലെ എടക്കല്‍, അമ്പുകുത്തി പ്രദേശത്തെ കടുവ വിഷയത്തില്‍ വനം വകുപ്പുദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടികള്‍ നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് നെന്മേനി ഗ്രാമപഞ്ചായത്ത് ഭരണസമിതി നേതൃത്വം വനം വകുപ്പിനെ അറിയിച്ചു. കുടുക്കില്‍ വീണ കടുവയെ ആദ്യം കണ്ട ഹരികുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രദേശത്ത് വനം വകുപ്പുദ്യോഗസ്ഥര്‍ക്കെതിരെ രോഷം നില നില്‍ക്കുന്ന സാഹചര്യത്തില്‍ ഗ്രാമ പഞ്ചായത്ത് നേതൃത്വം വനം വകുപ്പുദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഉറപ്പ് നല്‍കിയത്.
ഗ്രാമവാസികളെ ദ്രോഹിക്കുന്ന തരത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആരെങ്കിലും പെരുമാറിയതായി തെളിഞ്ഞാല്‍ അവരെ സംരക്ഷിക്കില്ലെന്നും നടപടി എടുക്കുമെന്നും സൗത്ത് വയനാട് ഡി എഫ് ഒയും നേതൃത്വത്തെ അറിയിച്ചു. കടുവയെ പിന്തുടര്‍ന്ന് പിടികൂടുന്ന യജ്ഞത്തില്‍ നാട്ടുകാരുടെ പൂര്‍ണ സഹകരണം വനം വകുപ്പിന് ആവശ്യമാണന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചും വിലയിരുത്തിയും മുന്നോട്ടു പോകാമെന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാമെന്നും യോഗത്തില്‍ ധാരണയായി.കടുവയെ കണ്ടെന്ന് ആരെങ്കിലും പറയുമ്പോള്‍ അത് സ്ഥിരീകരിച്ച ശേഷം മാത്രം പുറത്ത് പറയുന്നതിന് പഞ്ചായത്ത് തലത്തില്‍ സംവിധാനമുണ്ടാകും. വാര്‍ഡുകള്‍ തോറും ആക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കപ്പെടുന്നത് മൂലമുള്ള ആശയക്കുഴപ്പം ഒഴിവാക്കാന്‍ വില്ലേജ് തലത്തില്‍ ഒരു ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയ മുരളി, സൗത്ത് വയനാട് ഡി എഫ് ഒ ഷജ്‌ന കരീം, ഗ്രാമ പഞ്ചായത്തംഗം ബിജു എടയനാല്‍, ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ കെ സുന്ദരന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.