വടക്കനാട് വീണ്ടും കാട്ടാനശല്യം രൂക്ഷം. നാല് വര്‍ഷം മുമ്പ് വനംവകുപ്പ് പിടികൂടിയ വടക്കനാട് കൊമ്പനൊപ്പമുണ്ടായിരുന്ന മുട്ടികൊമ്പനാണ് ഇപ്പോള്‍ വടക്കനാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. സന്ധ്യമയങ്ങുന്നതോടെ കൃഷിയിടത്തില്‍ ഇറങ്ങുന്ന കാട്ടാന തെങ്ങ്, കവുങ്ങ് അടക്കമുള്ള വിളകള്‍ വ്യാപകമായി നശിപ്പിക്കുകയാണ്.കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നൂല്‍പ്പുഴ പഞ്ചായത്തിലെ വടക്കനാട്, പള്ളിവയല്‍, കരുപ്പൂര്, വള്ളുവാടി പ്രദേശവാസികളാണ് കാട്ടാനശല്യത്താല്‍ ഉറക്കം നഷ്ടമായിരിക്കുന്നത്. സന്ധ്യമയങ്ങിയാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ കടന്നെത്തുന്ന കാട്ടാന വ്യാപക കൃഷിനാശമാണ് വരുത്തിവെക്കുന്നത്. നേരം പുലരുവോളം കൃഷിയിടത്തില്‍ തങ്ങുന്നതും പതിവാണ്. നാല് വര്‍ഷം മുമ്പ് വനംവകുപ്പ് പിടികൂടിയ വടക്കനാട് കൊമ്പനൊപ്പമുണ്ടായിരുന്ന മുട്ടികൊമ്പനാണ് നിലവിലെ പ്രശ്നക്കാരനെന്നാണ് കര്‍ഷകര്‍ പറയുന്നത്. വടക്കനാട് കൊമ്പന്‍ സഞ്ചരിച്ചിരുന്ന അതേ പാതയിലാണ് മുട്ടികൊമ്പന്റെയും സഞ്ചാര പാത. നിലവില്‍ പള്ളിവയല്‍ ഭാഗത്താണ് കാട്ടാനയുടെ താണ്ഡവം. പ്രദേശവാസിയായ കുറുമ്പാലക്കാട്ടില്‍ മെല്‍ബിന്റെ കൃഷിയിടത്തിലെ തെങ്ങ് കാപ്പി എന്നിവ കാട്ടാന നശിപ്പിച്ചു. രണ്ട് ദിവസം മുമ്പ് സമീപത്തെ കൈനിക്കല്‍ സണ്ണിയുടെ നാല് തെങ്ങും ഈ കാട്ടുകൊമ്പന്‍ നശിപ്പിച്ചിരുന്നു. കൃഷിയിടത്തില്‍ ആന ഇറങ്ങിയതറിഞ്ഞ് ഓടിക്കാന്‍ചെന്നാല്‍ പിന്തിരിയാറില്ലന്നും ആളുകള്‍ക്കുനേരെ തിരിയുന്നതും പതിവാണന്നും പറയുന്നു.