കോവിഡ് ഭീതി;കേരളത്തിലെ എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദ്ദേശം.
വിദേശങ്ങളില്‍ പടരുന്ന ഒമിക്രോണ്‍ വകഭേദങ്ങള്‍ രാജ്യത്ത് സ്ഥിരീകരിച്ചതിനു പിന്നാലെ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രം. വിമാനത്താവളങ്ങളില്‍ റാന്‍ഡം പരിശോധന ആരംഭിച്ചു. സംസ്ഥാനങ്ങള്‍ക്ക് കര്‍ശന ജാഗ്രത തുടരാന്‍ നിര്‍ദേശം നല്‍കി. കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ തല്‍ക്കാലം മാറ്റമില്ല. അടുത്തയാഴ്ച ആരോഗ്യമന്ത്രി വീണ്ടും യോഗം വിളിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗവും ചേരും. വിമാനത്താവളത്തില്‍ പരിശോധന ആരംഭിച്ചെങ്കിലും രാജ്യാന്തര യാത്രയ്ക്കുള്ള എയര്‍ സുവിധ ഫോം തല്ക്കാലം തിരിച്ചു കൊണ്ടു വരില്ല. വിമാനത്താവളങ്ങളിലെ പരിശോധന ഫലം ആദ്യം വിലയിരുത്തും. ഉത്സവസമയങ്ങളില്‍ ജാഗ്രതയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കും.
ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ വ്യാപിക്കുന്ന ഒമിക്രോണിന്റെ ബിഎഫ് 7, ബിഎഫ് 12 എന്നീ ഉപവകഭേദങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നവരുടെ സാമ്പിളുകള്‍ വൈകാതെ ജനിതക ശ്രേണീകരണത്തിനായി അയക്കാനും നിര്‍ദേശമുണ്ട്. ബിഎഫ് 7 ന്റെ വ്യാപനം നിരീക്ഷിച്ച ശേഷമായിരിക്കും നിയന്ത്രണം ഇനി കടുപ്പിക്കണോയെന്നതില്‍ തീരുമാനമെടുക്കുക. വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തിലാക്കാനും ആവശ്യപ്പെട്ടു.
കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ വിവിധ സംസ്ഥാനങ്ങള്‍ ജാഗ്രത കര്‍ശനമാക്കാന്‍ നടപടികള്‍ തുടങ്ങി. കൊവിഡ് വ്യാപനം നേരത്തെ രൂക്ഷമായിരുന്ന ഡല്‍ഹിയിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് അടിയന്തിര യോഗം വിളിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി. പുതിയ കോവിഡ് ഉപവകഭേദത്തിന്റെ സാന്നിധ്യം സംസ്ഥാനത്ത് ഉണ്ടോ എന്ന് നേരത്തെ തന്നെ തിരിച്ചറിയുന്നതിന് ജനിതക ശ്രേണീകരണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളില്‍ സൗകര്യം കൂട്ടാന്‍ മന്ത്രി നിര്‍ദേശിച്ചു. സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ നിര്‍ദേശം.