ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി

0

ടി-20 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു തകര്‍പ്പന്‍ ജയം. 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. ഇന്ത്യ മുന്നോട്ടുവച്ച 169 റണ്‍സ് വിജയലക്ഷ്യം വെറും 16 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മറികടന്നു. അലക്‌സ് ഹെയില്‍സ് (47 പന്തില്‍ 4 ബൗണ്ടറിയും 7 സിക്‌സറും സഹിതം 86) ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോററായപ്പോള്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ( 49 പന്തില്‍ 9 ബൗണ്ടറിയും 3 സിക്‌സറും സഹിതം 80) തിളങ്ങി.തുടക്കം മുതല്‍ കളിച്ച ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മറുപടി ഉണ്ടായില്ല. ഇന്ത്യ ആദ്യ പവര്‍പ്ലേയില്‍ 38 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് നേടിയത് 63 റണ്‍സ്. ബൗളര്‍മാര്‍ മാറിമാറി പന്തെറിഞ്ഞെങ്കിലും ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ അനായാസം റണ്‍സ് കണ്ടെത്തി. 28 പന്തുകളില്‍ ഹെയില്‍സ് ഫിഫ്റ്റി തികച്ചപ്പോള്‍ 36 പന്തില്‍ ബട്‌ലറും അര്‍ധസെഞ്ചുറിയിലെത്തി. ആദ്യ പത്ത് ഓവറില്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സ് ആയിരുന്നെങ്കില്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തത് 98 റണ്‍സ്. ഫിഫ്റ്റിക്ക് പിന്നാലെ ബട്‌ലര്‍ ആഞ്ഞടിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ ജയം എളുപ്പമായി.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 168 റണ്‍സ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോലിയും ഹര്‍ദിക് പാണ്ഡ്യയും അര്‍ധ സെഞ്ച്വറി നേടി. 33 പന്തില്‍ 63 റണ്‍സ് നേടിയ ഹാര്‍ദിക് ആണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോര്‍ദാന്‍ മൂന്ന് വിക്കറ്റ് നേടി. ആദില്‍ റഷിദും ക്രിസ് വോക്സും ഓരോ വിക്കറ്റും നേടി.

Leave A Reply

Your email address will not be published.

error: Content is protected !!