മൂന്നുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പനമരം പോലീസ് സ്റ്റേഷന്‍ കെട്ടിടം നവംബര്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് ഓണ്‍ലൈനായാണ് ഉദ്ഘാടനം. ആധുനികസൗകര്യങ്ങളോടെ മൂന്നു നിലകളിലാണ് സ്റ്റേഷന്‍ നിര്‍മിച്ചത്.2019ല്‍ ആരംഭിച്ച കെട്ടിടനിര്‍മാണം കഴിഞ്ഞ മെയ് മാസം പൂര്‍ത്തീകരിച്ചിരുന്നു. പുതുതായി നിര്‍മിച്ച കെട്ടിടത്തില്‍ 29 മുറികളുണ്ട്. മൂന്ന് ലോക്കപ്പും ഇതില്‍പ്പെടും.
2010 ല്‍ പനമരം വലിയ പുഴയോരത്തെ നിര്‍മിതി വയലിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് പനമരം പോലീസ് സ്റ്റേഷന്‍. എട്ടു വര്‍ഷത്തോളം ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ വീര്‍പ്പുമുട്ടി പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചു. പ്രാഥമിക ആവശ്യങ്ങള്‍ക്കും മറ്റും ശൗചാലയവുമില്ലായിരുന്നു. 2018 ലെ പ്രളയത്തില്‍ വലിയ പുഴ നിറഞ്ഞൊഴുകി പോലീസ് സ്റ്റേഷന്‍ വെള്ളത്തില്‍ മുങ്ങി. ഏതാനും കേസ് ഫയലുകളും ഉപകരണങ്ങളും അന്ന് നശിച്ചുപോയിരുന്നു.തുടര്‍ന്ന് താത്കാലികമായി ടൗണിലെ ബസ് സ്റ്റാന്‍ഡിലുള്ള പഞ്ചായത്ത് കമ്യൂണിറ്റിഹാളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. ആറുകിലോമീറ്റര്‍ അകലെയുള്ള കമ്പളക്കാട്ടെ സ്റ്റേഷനിലെ ലോക്കപ്പിലാണ് ഇവിടത്തെ പ്രതികളെ പാര്‍പ്പിച്ചിരുന്നത്.