കേണിച്ചിറയിലെ ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍ കപ്പ കൃഷി ചെയ്യുന്ന തിരക്കിലാണ്.കഴിഞ്ഞ രണ്ട് വര്‍ഷത്തെ കൊവിഡ് മഹാമാരി മറ്റ് മേഖലകളെ ബാധിച്ചത് പോലെ ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന ഡ്രൈവര്‍മാരേയും ബാധിച്ചു മിക്ക വീടുകളിലും രണ്ടും മൂന്നും വാഹനങ്ങളും ആയി സ്റ്റാന്‍ഡില്‍ ഓട്ടം ഇല്ലാതെ കാത്ത് കിടക്കേണ്ട അവസ്ഥ. ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് കേണിച്ചിറയിലെ 11ഓളം ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് സ്വാശ്രയ സംഘം രൂപികരിച്ചത് ,ഗോള്‍ഡന്‍ ഓട്ടോ സ്വാശ്രയ സംഘത്തിലെ ഇവരില്‍ ഉണ്ടായ ആശയമാണ് മണ്ണ് ഒരിക്കലും ചതിക്കില്ല എന്നത് , അങ്ങനെയാണ് ഇവരുടെ കൂട്ടായ്മയില്‍ പൂതാടിയില്‍ അര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കപ്പ കൃഷി ആരംഭിച്ചത് . ഇപ്പഴത്തെ മാര്‍ക്കറ്റ് വില വെച്ച് കപ്പക്ക് നല്ല വിലയുണ്ട് . പരിചരണവും , വളവും പണിയും കുറവ് മതി എന്നതുമാണ് തങ്ങള്‍ കപ്പ കൃഷിയിലേക്ക് ഇറങ്ങാന്‍ കാരണമെന്ന് സംഘം പ്രസിഡന്റ് സൈമണ്‍ പറഞ്ഞു.കേണിച്ചിറ ടൗണില്‍ ഓട്ടോ ഓടിക്കുന്ന ഇവര്‍ ഓട്ടത്തിന്റെ ഇടവേളകളിലാണ് കപ്പ കൃഷിക്ക് വേണ്ടി മാറ്റി വെച്ചത്.കഴിഞ്ഞ കൊവിഡ് കാലത്തെ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കപ്പ കൃഷിയിലൂടെ സാധിക്കുമെന്ന പ്രതിക്ഷയിലാണ് ഓട്ടോ ഡ്രൈവര്‍മാര്‍ ആവേശത്തോടെ കപ്പ കൂടം ഒരുക്കുന്നത്.