നൂല്‍പ്പുഴ പഞ്ചായത്തിലെ പണപ്പാടിയിലെ പുലിതൂക്കി പാടശേഖരത്തിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. കാടിറങ്ങിയെത്തുന്ന ആനകള്‍ കതിര്‍ചാടിയ നെല്ലുകള്‍ തിന്നും ചവിട്ടിമെതിച്ചും നശിപ്പിക്കുകയാണ്. പണപ്പാടി രാഘവന്‍, വാസു, പ്രകാശ്, രാമദാസന്‍ തുടങ്ങിയ കര്‍ഷകരുടെ വയലിലാണ് കാട്ടാന രൂക്ഷമായ നാശം വിതച്ചിരിക്കുന്നത്. ലീസ് ഭൂമിയിലാണ് കൃഷിയിറക്കിയിരിക്കുന്നത് എന്നതിനാല്‍ നഷ്ടപരിഹാരവും കര്‍ഷകര്‍ക്ക് ലഭിക്കാറില്ല. വനാതിര്‍ത്തിയിലെ ഫെന്‍സിങ് അടക്കം തകര്‍ത്താണ് കാട്ടാനകള്‍ കൃഷിയിടത്തില്‍ എത്തുന്നത്. ആദ്യം ഒരു കൊമ്പന്‍മാത്രമായിരുന്നു എത്തിയിരുന്നത്. ഇപ്പോള്‍ മൂന്ന് കാട്ടാനകളായി കൂടിയെന്നും സ്ഥിരമായി ഇറങ്ങുന്ന ഈ കാട്ടാനകളെ ഓടിച്ചാല്‍ പോകാറില്ലന്നും കര്‍ഷകര്‍ പറയുന്നു.മൂന്ന് ആനകളാണ് സ്ഥിരമായി ഇറങ്ങി കതിര്‍ചാടിയ നെല്‍ച്ചെടികള്‍ തിന്നും ചവിട്ടിയും നശിപ്പിക്കുന്നത്. ആനകൃഷിയിടത്തില്‍ ഇറങ്ങുന്നത് തടയനാവശ്യമായ നടപടികളെടുക്കണമെന്ന് വനംവകുപ്പിനോട് പറഞ്ഞ് മടുത്തെന്നും കര്‍ഷകര്‍, ലീസ് ഭൂമിയായതിനാല്‍ നഷ്ടപരിഹാരതുകയും കര്‍ഷകര്‍ക്ക് ലഭിക്കില്ല. കൃഷിസംരക്ഷിക്കാന്‍ കാവലിരുന്നിട്ടും രക്ഷയില്ലാതായിരിക്കുകയാണ്. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരോട് കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ശക്തമായ ഫെന്‍സിംഗ് സംവിധാനം വനാതിര്‍ത്തിയില്‍ ഒരുക്കണമെന്നും, പ്രദേശത്ത് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലന്നും കര്‍ഷകര്‍ ആരോപിച്ചു. കാട്ടാനയ്ക്ക് പുറമെ പന്നി, മാന്‍ അടക്കമുള്ളവയുടെ ശല്യവും ഇവിടെ രൂക്ഷമാണ്. വന്യമൃഗശല്യത്താല്‍ നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിലും ഈ കര്‍ഷകര്‍ നെല്‍കൃഷി ചെയ്യുമ്പോള്‍ ഇവര്‍ക്ക് ആവശ്യമായ സംരക്ഷണമെങ്കിലും നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പ് തയ്യാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.