കൃഷിനാശം: 7.56 കോടി സര്‍ക്കാര്‍ സഹായം
മാനന്തവാടി: പ്രളയത്തെ തുടര്‍ന്ന് കൃഷി നശിച്ച കര്‍ഷകര്‍ക്ക് മാനന്തവാടി മണ്ഡലത്തില്‍ മാത്രം 7.56 കോടി വിതരണം ചെയ്തതായി കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കൃഷി നശിച്ച കര്‍ഷകര്‍ക്കായി വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 67.79 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തില്‍ നിന്നും വിളനാശത്തിന് സഹായമായി 6.66 കോടി രൂപയും നല്‍കി. കൂടാതെ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 18.28 ലക്ഷം രൂപയും, ഉരുള്‍പൊട്ടലിലും മറ്റും കൃഷി ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് 3.84 രൂപയും വെള്ളപ്പൊക്കം മൂലം കൃഷി നശിച്ച കര്‍ശകര്‍ക്ക് 23.31 മെട്രിക് ടണ്‍ നെല്‍വിത്തും വിതരണം നടത്തി. പ്രളയത്തെ തുടര്‍ന്ന് മാനന്തവാടി മണ്ഡലത്തില്‍ 169.37 കാര്‍ഷിക നഷ്ടമുണ്ടായതായി. 14 വിളകളിലായി 15083 .26 ഹെക്ടര്‍ കൃഷിയാണ് മാനന്തവാടി മണ്ഡലത്തില്‍ നശിച്ചത്. സുഗന്ധ വ്യഞ്ജനകൃഷി (1125.4 ഹെക്ടര്‍), പച്ചക്കറി (220 ഹെക്ടര്‍), ഫലവര്‍ഗ്ഗങ്ങള്‍ (621.76 ഹെക്ടര്‍), കാപ്പി -തേയില (9820 ഹെക്ടര്‍), കിഴങ്ങു വിളകള്‍ (165.69 ഹെക്ടര്‍), അടക്ക(2266 ഹെക്ടര്‍) തുടങ്ങിയവയാണ് നശിച്ചത്. കൂടാതെ മറ്റ് വിളകള്‍ക്കും വ്യാപകമായ നാശം ഉണ്ടായിട്ടുണ്ട്.