തിരഞ്ഞെടുപ്പ് സാക്ഷരത ക്ലബ്ബുകള്‍ ഒരുങ്ങി

0

കല്‍പ്പറ്റ ഭാവി വോട്ടര്‍മാര്‍ക്ക് അവബോധം നല്‍കാന്‍ ജില്ലയിലെ 55 സ്‌കൂളുകളില്‍ തിരഞ്ഞെടുപ്പ് സാക്ഷരത ക്ലബ്ബുകള്‍ ഒരുങ്ങി. ആദ്യഘട്ടത്തില്‍ ഒന്‍പതു മുതല്‍ പ്ലസ്ടു ക്ലാസു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചും വോട്ടവകാശത്തിന്റെ പ്രധാന്യത്തെ കുറിച്ചും സാക്ഷരത ക്ലബ്ബുകളിലൂടെ അവബോധം നല്‍കുക. വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിക്കുക, വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനവും കൃത്യതയും തിരഞ്ഞെടുപ്പ് നടത്തിപ്പിലെ വിശ്വാസ്യതയും പൊതുജനങ്ങളിലെത്തിക്കുക, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് സഹായിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എക്‌സിക്യൂട്ടിവ് കമ്മിറ്റി രൂപീകരിച്ച് അധ്യാപകര്‍ക്ക് മേല്‍നോട്ട ചുമതല നല്‍കിയിട്ടുണ്ട്. ഒന്‍പതു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ തിരഞ്ഞെടുത്ത ഓരോ വിദ്യാര്‍ത്ഥി വീതം എക്‌സിക്യൂട്ടിവ് അംഗങ്ങളായിരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് സാക്ഷരത ക്ലബ്ബ് നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള ജില്ലാതല പരിശീലനം ആസൂത്രണ ഭവന്‍ എ.പി.ജെ. ഹാളില്‍ ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് സാക്ഷരത ക്ലബ് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യ മൂല്യം വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് സാക്ഷരത ക്ലബ്ബുകളിലൂടെ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) കെ. ജയപ്രകാശന്‍, ഹുസൂര്‍ ശിരസ്തദാര്‍ ബി.അഫ്‌സല്‍, തഹസില്‍ദാര്‍മാരായ ശങ്കരന്‍ നമ്പൂതിരി, എന്‍.ഐ. ഷാജു, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജില്ലാ മാസ്റ്റര്‍ ട്രെയിനര്‍ രാജേഷ് കുമാര്‍ എസ്. തെയ്യത്ത് നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!