കുടുംബശ്രീ വയനാട് ഗോത്ര മേള നങ്ക ആട്ട ആരംഭിച്ചു

0

ബത്തേരി: കുടുംബശ്രീ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയിലുള്‍പ്പെടുത്തി ആദിവാസി മേഖലയിലെ പരമ്പരാഗത പ്രവര്‍ത്തനങ്ങളുടെ പരിപോഷണത്തിനും പ്രോത്സാഹനത്തിനും ആദിവാസി തനത് സംസ്‌കാരത്തെ അടുത്തറിയുന്നതിനും പൊതു സമൂഹത്തിന് അവസരമൊരുക്കുന്നതിനുമായി വയനാട് ഗോത്രമേള നങ്കആട്ട 2018 സുല്‍ത്താന്‍ ബത്തേരി ടൗണ്‍ഹാളില്‍ ആരംഭിച്ചു. മേളയുടെ ഭാഗമായി വയനാട് ജില്ലയിലെ വിവിധ ആദിവാസി ഗോത്രകലകളുടെ പ്രദര്‍ശനം,പാരമ്പര്യ ഭക്ഷ്യമേള, ആദിവാസി വൈദ്യം, തനത് ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം, വില്‍പന, ഗോത്ര സംസ്‌കാരിക ഫോട്ടോ പ്രദര്‍ശനം, ചിത്ര പ്രദര്‍ശനം, ഗോത്ര മുന്നേറ്റം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സെമിനാര്‍ എന്നിവയും നടന്നു..വിവിധ സമുദായങ്ങളുടെ വട്ടക്കളി, കമ്പളനൃത്തം, കോല്‍ക്കളി, ഗദ്ദിക, വടക്കന്‍ പാട്ട്, നെല്ല് കുത്ത് പാട്ട്, എന്നിവയും അരങ്ങിലെത്തി. മേളയോടനുബന്ധിച്ച് വിവിധങ്ങളായ കലാ കായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ നടത്തിയിരുന്നത്. കുടുംബശ്രീ ആഭിമുഖ്യത്തില്‍ രൂപീകരിക്കപ്പെട്ട യൂത്ത് ക്ലബ്ബുകള്‍ക്കായി നവംബര്‍ 18 മുതല്‍ 21 വരെ ബ്ലോക്ക് തലങ്ങളില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കപ്പെട്ടു.തിരഞ്ഞെടുക്കപ്പെട്ട എട്ട് ടീമുകളെ വെച്ചു കൊണ്ട് ജില്ലാ തല മത്സരം ഡിസംബര്‍ 2 ന് നടക്കും.മികച്ച കായിക താരങ്ങളെ കണ്ടെത്തി പരിശീലം നല്കി ഗോത്രശ്രീ വയനാട് എന്ന പേരില്‍ കുടുംബശ്രീ ഫുട്‌ബോള്‍ ടീമിനെ വാര്‍ത്തെടുക്കുക എന്നതും ലക്ഷ്യമാണ്. പട്ടിക വര്‍ഗ്ഗ യൂത്ത് ക്ലബ്ബുകള്‍ക്കായി ജില്ലാതലത്തില്‍ അത്‌ലറ്റിക്‌സും പാരമ്പര്യ അമ്പെയ്ത്ത് മത്സരവും അടുത്ത ദിവസങ്ങളില്‍ മേളയുടെ ഭാഗമായി നടക്കും. ആദിവാസി മേഖലയില്‍ നിന്നുള്ള ആളുകളെ ഉള്‍പ്പെടുത്തി രൂപീകരിച്ച കാറ്ററിംഗ് ഗ്രൂപ്പിന്റെ അരങ്ങേറ്റവും മേളയില്‍ നടന്നു. ഗോത്രമേള ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഢലം എം.എല്‍.എ ഐ. സിബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.എല്‍ സാബു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സാജിത മുഖ്യപ്രഭാഷണം നടത്തി..മേളയുടെ ഭാഗമായി വയനാട് നാട്ടുക്കൂട്ടവും തിരുനെല്ലി ബേഗൂര്‍ സ്വദോ ധിമ്മി കാട്ടുനായ്ക്ക കലാ സംഘം അവതരിപ്പിച്ച പരിപാടിയും നടന്നു. ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തില്‍ നാടന്‍പാട്ടില്‍ ഒന്നാം സ്ഥാനം നേടിയ കല്ലൂര്‍ എം.ആര്‍.എസ് സ്‌കൂള്‍ ടീമിനെ ആദരിക്കുകയും ചെയ്തു. ഇന്ന് തോട്ടിആട്ട, കോല്‍ക്കളി, വട്ടക്കളി, ഊരാളിക്കളി എന്നിവയും ബത്തേരി തുടിത്താളം അവതിപ്പിക്കുന്ന പരിപാടിയും അരങ്ങേറും. മേള ഇന്ന് സമാപിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!