സംസ്ഥാനത്തെ തിയേറ്ററുകളില്‍ നാളെ മുതല്‍ സിനിമ പ്രദര്‍ശനം തുടങ്ങും

0

നീണ്ട ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ തിയേറ്ററുകളില്‍ നാളെ മുതല്‍ സിനിമ പ്രദര്‍ശനം തുടങ്ങും. സിനിമാ മേഖലയ്ക്ക് ആശ്വാസമായി വിനോദ നികുതിയിലും വൈദ്യുതി ഫിക്സഡ് ചാര്‍ജിലും ഇളവ് അനുവദിച്ചതോടെയാണ് തിയേറ്റര്‍ തുറക്കുന്നത്. പ്രദര്‍ശനം പുനരാരംഭിക്കുമ്പോള്‍ തിയേറ്ററിലെത്തുന്ന ആദ്യ ചിത്രമായ വിജയ്യുടെ മാസ്റ്ററിനായി തിയേറ്ററുകളുടെ ബുക്കിംഗ് ആരംഭിച്ചു.

പത്ത് മാസത്തെ ഇടവേളക്കുശേഷം വിജയ്യുടെ തമിഴ് ചിത്രം മാസ്റ്ററിലൂടെ ബിഗ് സ്‌ക്രീന്‍ ഉണരുമ്പോള്‍ സിനിമാ മേഖല പ്രതീക്ഷിക്കുന്നത് മാസ് എന്‍ട്രിയാണ്. തിയേറ്റര്‍ തുറക്കാന്‍ അനുമതി നല്‍കിയത് മുതല്‍ ശുചീകരണം ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. അണുനശീകരണത്തിനും 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിനും മിക്ക തിയേറ്ററുകളിലും സജ്ജീകരണം ആയി. പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ രാത്രി 9 വരെ എന്ന നിയന്ത്രണം ഉള്ളതിനാല്‍ പരമാവധി മൂന്ന് ഷോകളാവും ഉണ്ടാവുക.മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മാസ്റ്ററിന് പ്രദര്‍ശന സമയത്തില്‍ ഇളവുണ്ട്.

ഇന്ന് തിയറ്ററുകളില്‍ പരീക്ഷണ പ്രദര്‍ശനം നടത്തും. വലിപ്പച്ചെറുപ്പമില്ലാതെ പരമാവധി തീയറ്ററുകളില്‍ മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കാനാണ് ശ്രമം. 11 മലയാളചിത്രങ്ങള്‍ സെന്‍സറിംഗ് പൂര്‍ത്തിയാക്കി റിലീസിന് തയാറായിട്ടുണ്ട്. ഫെബ്രുവരി പകുതിയോടെ മമ്മൂട്ടിയുടെ വണ്‍ പ്രദര്‍ശനത്തിനെത്തും. മാര്‍ച്ച് 26 ന് മോഹന്‍ലാലിന്റെ മരയ്ക്കാറും. വിനോദ നികുതിയിലും വൈദ്യുതി ഫിക്സസ് ചാര്‍ജിലും ഇളവ് ലഭിച്ചതോടൊപ്പം വിവിധ ലൈസന്‍സുകള്‍ പുതുക്കാനും തിയറ്ററുകള്‍ക്ക് സര്‍ക്കാര്‍ സാവകാശം അനുവദിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!