ചുരം കയറിയ അധ്യാപകര്‍ വയനാട്ടില്‍ പൊന്നുവിളയിച്ചു
ഹിന്ദി അധ്യാപക സുഹൃത്തുക്കള്‍ കൈകോര്‍ത്തപ്പോള്‍ നെല്‍കൃഷിക്ക് നൂറുമേനി വിളവ്. വെള്ളമുണ്ട മൊതക്കരയില്‍ രണ്ടേക്കറോളം വരുന്ന വയലിലാണ് സൗഹൃദ കൃഷി ഇറക്കിയത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഹിന്ദി അധ്യാപകരായ 6 സുഹൃത്തുക്കള്‍ ഒന്നിച്ചു പഠിക്കുകയും, ഒന്നിച്ചു ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു എന്നതും ഇവരെ വ്യത്യസ്ഥരാക്കുന്നു.
ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക, ഇത് മറ്റുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്നീ ലക്ഷ്യത്തോടെയാണ് കിലോമീറ്ററോളം താണ്ടി ചുരം കയറി വയനാട്ടില്‍ കൃഷിയിറക്കിയത്. ഇവര്‍ക്ക് പൂര്‍ണ്ണ പിന്തുണയായി സമീപവാസികളും കര്‍ഷകരായ നാട്ടുകാരും ചേര്‍ന്നു. പൂര്‍ണമായും ജൈവരീതിയില്‍ ആയിരുന്നു നെല്‍കൃഷി. പരമ്പരാഗത നെല്‍വിത്താണ് കൃഷിയിറക്കിയത്. ഇന്നു നടന്ന കൊയ്ത്തുത്സവം അധ്യാപകരുടേയും, നാട്ടുകാരുടെയും കര്‍ഷകരുടേയും സാന്നിധ്യത്തില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു നിര്‍വഹിച്ചു.
ചടങ്ങില്‍ കൃഷിയില്‍ കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ക്കും, എല്ലാ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കിയ സമീപവാസിയായ കര്‍ഷക കുടുംബത്തിനും അധ്യാപക കൂട്ടായ്മ പുതുവത്സരവും സമ്മാനവും നല്‍കി. വിളവെടുപ്പില്‍ കിട്ടുന്ന നെല്ല് ആറ് അധ്യാപകരും പങ്കിട്ടെടുക്കും. വരും വര്‍ഷം കൂടുതല്‍ സ്ഥലത്ത് കൃഷി ഇറക്കാന്‍ ആണ് ഇവരുടെ തീരുമാനം. അധ്യാപകരായ പി കെ സുഗുണന്‍, എല്‍ എ ലക്ഷ്മണന്‍, കെ.റിനീഷ്, കെ കെ. രാജീവന്‍, പി പി. അനൂപ്, എം പത്മജന്‍ എന്നീ സുഹൃത്തുക്കളാണ് കൃഷിയിറക്കിയത്.