ആഫ്രിക്കന്‍ പന്നിപനി നടപടികള്‍ സ്വീകരിച്ച് മൃഗ സംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും

0

മാനന്തവാടി താലൂക്കിലെ പന്നിഫാമിലാണ് ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ പന്നിപനി സ്ഥിരീകരിച്ചത്.വേണ്ട നടപടികള്‍ സ്വീകരിച്ചതായി മൃഗ സംക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി.ഭോപ്പാല്‍ – ഐസിഎആര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മാനന്തവാടി ഫാമില്‍ 43 പന്നികളും, തവിഞ്ഞാല്‍ പഞ്ചായത്തിലെ ഫാമില്‍ 1 എണ്ണവും രോഗം ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. തവിഞ്ഞാല്‍ പഞ്ചായത്തിലെ ഫാമില്‍ 300 പന്നികളാണ് ഉള്ളത്. നിലവില്‍ അവിടെ മൂന്ന് മൃഗങ്ങള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ട്. ഈ മാസം 19 ന് പൂക്കോട് വെറ്ററിനറി കോളേജിലെ ഡയറക്ടര്‍ ഓഫ് അക്കാദമിക് ആന്‍ഡ് റിസേര്‍ച്ച് സെന്ററില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗനിയന്ത്രണ വിഭാഗത്തിലെയും, പാലോട് സംസ്ഥാന മൃഗരോഗ നിയന്ത്രണ കേന്ദ്രത്തിലെയും, പൂക്കോട് വെറ്ററിനറി കോളേജിലെയും, വയനാട് എഡിസിപി എന്നിവിടങ്ങളിലെയും വിദഗ്ധ സംഘത്തിന്റെ യോഗം ചേര്‍ന്ന് രോഗം നിയന്ത്രണ വിധേയമാക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചചെയ്യുകയും, രോഗം ബാധിച്ച സ്ഥലങ്ങള്‍ വിദഗ്ദ്ധ സംഘം സന്ദര്‍ശിച്ച് സാംപിളുകള്‍ ശേഖരിക്കുകയും, കര്‍ഷകര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നല്‍കുകയും ചെയ്തു . തുടര്‍ന്ന് ബത്തേരി എല്‍എംറ്റിസി യില്‍ ജില്ലയിലെ വെറ്ററിനറി ഓഫീസര്‍മാരുടെ ഒരു യോഗംചേരുകയും ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ സ്ഥിതിഗതികള്‍ വിശദീകരിക്കുകയും, വയനാട് പന്നികര്‍ഷക സംഘം പ്രതിനിധികള്‍ക്ക് ബോധ വല്‍ക്കരണ ക്ലാസ് നല്‍കുകയും ചെയ്തു. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തിനകത്തേക്കും , പുറത്തേക്കും പന്നികളെ കൊണ്ടുപോകുന്നതില്‍ കടുത്ത നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനം വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, എക്‌സൈസ് വകുപ്പ്, ചരക്കു സേവന നികുതി വകുപ്പ്, പൊലീസ് എന്നിവയുടെ യോജിച്ച പ്രവര്‍ത്തനത്തിലൂടെ എല്ലാ അതിര്‍ത്തി ചെക്കുപോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കുന്നതിനും , പന്നി, പന്നി ഇറച്ചി, പന്നി മാംസോല്‍പ്പന്നങ്ങള്‍, പന്നി വിസര്‍ജ്ജങ്ങള്‍ എന്നിവ കടത്തിയ വാഹനങ്ങള്‍ സംസ്ഥാനത്തിനകത്ത് പ്രവേശിപ്പിക്കുന്നത് തടയുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ മൃസംരക്ഷണ വകുപ്പ് മന്ത്രി നല്‍കിയിട്ടുണ്ട്. കാട്ടുപന്നികള്‍ അസ്വാഭാവിക സാഹചര്യത്തില്‍ മരണപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടാല്‍ വനം വകുപ്പിനെ അറിയിക്കണം എന്നും മന്തി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ഫാമുകളിലും മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിവരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് പന്നികളെ കടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പ്രസ്തുത നിയമ പ്രകാരം കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കും . വൈറസ് രോഗ ബാധ ആയതിനാല്‍ ഈ രോഗത്തിന് ചികിത്സ ഫലവത്തല്ല. പ്രതിരോധ വാക്‌സിനും നിലവില്‍ ലഭ്യമല്ലാത്ത് സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് നിര്‍ദ്ദേശിക്കുന്നതനുസരിച്ചുള്ള സുരക്ഷാ സംവിധാനം ശക്തമാക്കുവാന്‍ എല്ലാ ഫാം ഉടമകളും ശ്രദ്ധിക്കേണ്ടതാണ് എന്നും മന്ത്രി അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!