മാനന്തവാടി രൂപത സുവര്‍ണ്ണ ജൂബിലി വര്‍ഷം ഉദ്ഘാടനം മെയ് 1ന്
മാനന്തവാടി രൂപത സുവര്‍ണ്ണ ജൂബിലി
വര്‍ഷം ഉദ്ഘാടനം മെയ് 1ന്
സീറോ മലബാര്‍ സഭയിലെ മാനന്തവാടി രൂപത സുവര്‍ണ്ണ ജൂബിലി വര്‍ഷം ഉദ്ഘാടനം മെയ് 1ന് നടക്കുമെന്ന് രൂപത നേതൃത്വം മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തോടനുബന്ധമായി സാമൂഹിക, ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസ, പാരിസ്ഥിതിക മേഖലകളില്‍ രൂപത നടപ്പിലാക്കാനുദ്ദേശിക്കുന്ന സുപ്രധാന പദ്ധതികളും മറ്റുള്ളവയും മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം സുവര്‍ണ്ണജൂബിലി ഉദ്ഘാടന സമ്മേളനത്തില്‍ പ്രഖ്യാപിക്കും.
മെയ് ഒന്നിന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ രൂപതാതല ഉദ്ഘാടനത്തെ തുടര്‍ന്ന് മെയ് എട്ടാം തിയതി ഇടവകകളിലും ഒമ്പതാം തിയതി രൂപതയിലെ ഭവനങ്ങളിലും ജൂബിലി ഉദ്ഘാടനം നടക്കും.മെയ് 1-ന് നടക്കുന്ന സുവര്‍ണ്ണജൂബിലി ഉദ്ഘാടനം മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനും തൃശ്ശൂര്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പുമായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴി മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ഉച്ചക്ക് 1.30-ന് ആരംഭിക്കും.
തലശ്ശേരി അതിരൂപത യുടെ പുതിയ മെത്രാപ്പോലീത്താ മാര്‍ ജോസഫ് പാംപ്ലാനി വചനസന്ദേശം നല്കും. വിശുദ്ധ കുര്‍ബാനക്ക് ശേഷം നടക്കുന്ന സുവര്‍ണ്ണജൂബിലി ഉദ്ഘാടന സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ് എമരിറ്റസ് ജേക്കബ് തൂങ്കുഴി, ആര്‍ച്ചുബിഷപ് ജോസഫ് പാംപ്ലാനി, കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഐ.സി. ബാലകൃഷ്ണന്‍ തുടങ്ങിയവരും സാമൂഹിക, രാഷ്ട്രീയ രംഗത്ത് നിന്നുള്ള മറ്റ് പ്രതിനിധികളും പങ്കെടുക്കും. ജൂബിലി വര്‍ഷത്തിന്റെ ഉദ്ഘാടനം മാര്‍ ജേക്കബ് തൂങ്കുഴി നിര്‍വ്വഹിക്കും. ഭവനരഹിതര്‍ ഇല്ലാത്ത രൂപത എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന ഭവനപദ്ധതിയുടെ ഒന്നാം ഘട്ടമായി രൂപതയുടെ സാമൂഹിക സേവനവിഭാഗത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ 50 ഭവനങ്ങളുടെ താക്കോലുകള്‍ മന്ത്രി റോഷി അഗസ്റ്റിന്‍ കൈമാറും.
രൂപതയുടെ പുതുക്കിയ നിയമാവലിയുടെ പ്രകാശനം തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയും രൂപത നല്കുന്ന സ്ഥലങ്ങളുടെ ആധാരം കൈമാറല്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയും നിര്‍വ്വഹിക്കുമെന്നും ബിഷപ്പ് ജോസ് പൊരുന്നേടം പറഞ്ഞു.
ഫാ. ബിജു മാവറ,രൂപത പി.ആര്‍.ഒ ടീമംഗങ്ങളായ ഫാ. ജോസ് കൊച്ചറക്കല്‍ , സാലു മേച്ചേരില്‍ , ജോസ് പള്ളത്ത് ,സെബാസ്റ്റ്യന്‍ പാലംപറമ്പില്‍,ഫാ. നോബിള്‍ തോമസ് പാറക്കല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.