സുല്‍ത്താന്‍ ബത്തേരി മന്ദംകൊല്ലിയില്‍ ജനവാസമേഖലയില്‍ കുഴിയില്‍വീണ ആറ് മാസം പ്രായമുള്ള കടുവയെ കാട്ടില്‍ തുറന്നുവിട്ടു. ഇന്ന് പുലര്‍ച്ചെ 4.30യോടെയാണ് ഉള്‍വനത്തില്‍ എത്തിച്ച കടുവ കുട്ടിയെ തുറന്നുവിട്ടത്. അമ്മ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച ശേഷമാണ് കുട്ടിയെ തുറന്നുവിട്ടത്.
അമ്മക്കടുവയ്‌ക്കൊപ്പം ഇരതേടാനിറങ്ങി സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ കുഴിയില്‍ വീണ് ഒറ്റപ്പെട്ട കടുവക്കുട്ടിയെയാണ് വനം വകുപ്പ് രക്ഷപ്പെടുത്തി വനത്തില്‍ തുറന്നു വിട്ടത്. വനത്തില്‍ ജീവനക്കാര്‍ കടുവക്കുട്ടിയുമായി മണിക്കൂറുകളോളം കാത്ത് നിന്ന് ഇന്ന് പുലര്‍ച്ചെ 4.30 ടെയാണ് അമ്മ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച് തുറന്ന് വിട്ടത്. ഇന്നലെ രാവിലെയാണ് കടുവ കുഴിയില്‍ അകപ്പെട്ടതായി നാട്ടുകാര്‍ കണ്ടത്. സ്ഥലത്തെത്തിയ വനപാലകര്‍ മയക്കുവെടി വച്ചു കടുവയെ പിടികൂടി കൂട്ടിലാക്കി. കുട്ടിക്കടുവയായതിനാല്‍ ഇതിന്റെ തള്ള കടുവയുടെ അടുത്തുതന്നെ തുറന്നുവിടണമായിരുന്നു. ഒറ്റയ്ക്ക് വനത്തില്‍ വിട്ടാല്‍ മറ്റു മൃഗങ്ങള്‍ അക്രമിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ വനപാലകരുടെ ഡാറ്റയിലുള്ള ഈ കടുവയുടെ അമ്മക്കടുവയെ കണ്ടെത്തി അതിന്റെ അടുത്ത് തുറന്നുവിടാന്‍ വനപാലകര്‍ തയ്യാറായി. ഇതിനായി 10 പേരടങ്ങുന്ന മൂന്ന് സംഘങ്ങളായി തിരിഞ്ഞ് വനത്തില്‍ തിരച്ചില്‍ നടത്തി. ഇന്ന് പുലര്‍ച്ചെ 4.30 ഓടെ വനത്തിനുള്ളില്‍ അമ്മക്കടുവയുടെ സമീപത്ത് തന്നെ കടുവക്കുട്ടിയെ തുറന്നു വിടുകയായിരുന്നു. വയനാട് സൗത്ത് ഡിഎഫ്ഒ സജ്ന കരിംമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ കാട്ടില്‍ തുറന്നുവിട്ടത്.