കിക്കോഫ് : സ്‌കൂള്‍ തല യോഗം ചേര്‍ന്നു
കായിക വകുപ്പ് പനമരം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അനുവദിച്ച ഫുട്‌ബോള്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന് സ്‌കൂള്‍ തല കമ്മിറ്റി യോഗം ചേര്‍ന്നു. ഒ.ആര്‍ കേളു എം.എല്‍.എ ചെയര്‍മാനായ പരിശീലന കേന്ദ്രത്തിന്റെ സ്‌കൂള്‍ തല കമ്മിറ്റിയാണ് പദ്ധതിയെ വിലയിരുത്തുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുക. 2007 ജനുവരി 1 നും 2008 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ച കുട്ടികളെയാണ് പരിശീലനത്തിന് തിരഞ്ഞെടുക്കുക. ഒരു കോച്ചിനെയും അസിസ്റ്റന്റ് കോച്ചിനെയും കേന്ദ്രത്തില്‍ ലഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് രജിസ്‌ട്രേഷന്‍. പനമരം കേന്ദ്രത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 5 വരെ നീട്ടിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 8 കേന്ദ്രങ്ങളില്‍ ആണ് പദ്ധതി ആരംഭിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന 25 ആണ്‍കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഭക്ഷണം, ഫുട്‌ബോള്‍ കിറ്റ് തുടങ്ങിയവ നല്‍കുന്നതതോടൊപ്പം വിദേശ അക്കാദമിയില്‍ പരിശീലനം, പഠനയാത്രകള്‍ എന്നിവയും ലഭ്യമാകും. പനമരത്തെ ഫുട്‌ബോള്‍ ആവേശം ഉള്‍ക്കൊണ്ട് മാനന്തവാടി മണ്ഡലം എം.എല്‍.എ ഒ.ആര്‍.കേളു നടത്തിയ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ കിക്കോഫ് പദ്ധതി പനമരത്ത് അനുവദിച്ചത്. നിലവില്‍ 250 ല്‍ അധികം കുട്ടികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. പനമരം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചേര്‍ന്ന കിക്കോഫ് സ്‌കൂള്‍ തല കമ്മിറ്റിയില്‍ ഒ.ആര്‍. കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗം അസ്മത്ത്, ഹെഡ്മാസ്റ്റര്‍ ജോഷി, കിക്കോഫ് സംസ്ഥാന കോര്‍ഡിനേറ്റര്‍ ബാബുരാജ്, റെനി, കായികാധ്യാപകന്‍ നവാസ്, തുടങ്ങിയവര്‍ പങ്കെടുത്തു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ www.sportskeralakickoff.org എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം.