കെഎല്‍ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി ഉണ്ടാക്കിയ സംഭവം അന്വേഷണം ഊര്‍ജിതം

0

 

വൈത്തിരി താലൂക്കില്‍ ക്വാറിക്കായി കെഎല്‍ആര്‍ ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി ഉണ്ടാക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും ജില്ലാ കലക്ടര്‍ എ ഗീത. കഴിഞ്ഞ മൂന്ന് വര്‍ഷം വൈത്തിരി താലൂക്കില്‍ നിന്നും കൊടുത്ത കെഎല്‍ആര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പരിശോധനയും സമഗ്രാന്വേഷണമുണ്ടാവുമെന്നും കലക്ടര്‍ പറഞ്ഞു.ക്വാറിയുമായി ബന്ധപ്പെട്ട ജിയോളജി വകുപ്പില്‍ നല്‍കിയ രേഖകളിലാണ് വ്യാജസര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയത്.

കെഎല്‍ആര്‍ ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി യതിനെ തുടര്‍ന്ന് ജിയോളജിവകുപ്പ് തിരികെ അയക്കുകയായിരുന്നു. സംഭവത്തില്‍ അച്ചൂരാനം വില്ലേജ് ഓഫീസറുടെ പരാതിയില്‍ വൈത്തിരി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന സംശയമുന്നയിച്ചതോടെ അച്ചൂരാനം വില്ലേജ് ഓഫീസര്‍ പരിശോധിക്കുകയും വ്യാജമാണന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. മൂവട്ടിയില്‍ ക്വാറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട രേഖകളിലാണ് കൃത്രിമം നടന്നത്. 2020 ഡിസംബറിലാണ് ക്വാറിക്കുള്ള അപേക്ഷ വില്ലേജ് ഓഫീസില്‍ എത്തുന്നത്. പരിശോധന പൂര്‍ത്തിയാക്കി രേഖകള്‍ വില്ലേജ് അധികൃതര്‍ താലൂക്കിലേക്ക് കൈമാറിയിരുന്നു. ആഗസ്തിലാണ് ജിയോളജി വകുപ്പില്‍ പതിപ്പിച്ച സീല്‍ വ്യാജമാണെന്ന് കണ്ടെത്തിയതും വ്യക്തതക്കായി വില്ലേജിലേക്ക് അറിയിച്ചതും. വില്ലേജ് അധികൃതരുടെ പരിശോധനയില്‍ സീലുകള്‍ വ്യാജമെന്ന് വ്യക്തമായി. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജ മാണെന്ന് തെളിഞ്ഞതോടെ അച്ചൂരാനം വില്ലേജ് ഓഫീസര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈത്തിരി എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വൈത്തിരി താലൂക്ക് തഹസില്‍ദാര്‍ ടി പി അബ്ദുള്‍ ഹാരിസ് വിശദറിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കി. അപേക്ഷയുമായി ബന്ധപ്പെട്ട് നടപടിയൊന്നുമെടുക്കരുതെന്ന് ജിയോളജി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തഹസില്‍ദാര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!