നൈറ്റ് പട്രോളിംഗിനിറങ്ങിയ എക്‌സൈസ് സംഘത്തിനെ കാട്ടാന ആക്രമിച്ചു.
നൈറ്റ് പെട്രോളിംഗിനിറങ്ങിയ എക്‌സൈസ് സംഘത്തിനെതിരെ കാട്ടാനയുടെ ആക്രമണം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം കൊമ്പില്‍ കോര്‍ത്ത് ഉയര്‍ത്തി.തലനാരിഴയ്ക്കാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത്.മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അജയ കുമാര്‍, സി.ഇ.ഒമാരായ മന്‍സൂര്‍ അലി, അരുണ്‍ കൃഷ്ണന്‍, ഡ്രൈവര്‍ രമേശന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.എതിരെ വന്ന മറ്റൊരു വാഹനത്തിന് അരിക് നല്‍കുന്നതിനിടെ വനത്തിനുള്ളില്‍ നിന്ന് പാഞ്ഞടുത്ത കാട്ടാന എക്‌സൈസ് സംഘത്തിന്റെ വാഹനം ആക്രമിക്കുകയായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗത്ത് കൊമ്പുകുത്തിയിറക്കിയ കാട്ടാന വാഹനം ഉയര്‍ത്തി മറിച്ചിടാന്‍ ശ്രമിച്ചു.വാഹനത്തിലുണ്ടായിരുന്നവര്‍ ബഹളം വെക്കുന്നതിനിടയില്‍ കാട്ടാന വാഹനം നിലത്തേക്കിട്ടു. ഉടനെ ഡ്രൈവര്‍ മന:സാന്നിധ്യം കൈവിടാതെ വാഹനം മുന്നോട്ടേക്ക് ഓടിച്ചതിനാല്‍ രക്ഷപ്പെടുകയായിരുന്നു.വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കുകളുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച ശേഷം എക്‌സൈസ് സംഘം വയനാട് മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സ തേടി.