നരകയാതനയില്‍ കല്ലുമുക്ക് അഞ്ചുസെന്റ് കോളനി

0

വര്‍ഷങ്ങളായി അടിസ്ഥാനസൗകര്യങ്ങളില്ലാതെ നരകയാതനയിലാണ് നൂല്‍പ്പുഴ പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍പെടുന്ന കല്ലുമുക്ക് അഞ്ച് സെന്റ്കോളനി നിവാസികള്‍.മഴക്കാലമായാല്‍ ഇവിടേക്ക് എത്തണമെങ്കില്‍ മുട്ടൊപ്പം ചളിനിറഞ്ഞ വഴിതാണ്ടണം.മഴപെയ്താല്‍ സമീപത്തെ തോട്ടില്‍ നിന്നും വെളളം കയറുന്നതും ഇവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു. ഏഴുവര്‍ഷമായി തുടരുന്ന തങ്ങളുടെ നരകയാതനയക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും കോളനിക്കാര്‍ പറഞ്ഞു.

മഴക്കാലമായാല്‍ കോളനിയിലേക്ക് വാഹനങ്ങള്‍ വരാറില്ല. അസുഖമായവരെ ചുമലിലേറ്റിവേണം മൂന്നൂറുമീറ്റര്‍ അകലെയുള്ള വാഹനസൗകര്യമുള്ള റോഡിലെത്തിക്കാന്‍. ഇതിനുപുറമെ മഴ ശക്തമായാല്‍ സമീപത്തെ കാക്കത്തോട് തോട്ടില്‍ നിന്നും കോളനിയിലേക്ക് വെള്ളം കയറും. ഇതോടെ മാറിതാമസിക്കേണ്ട ഗതികേടിലാണ് ഈ കുടുംബങ്ങള്‍. 11 കുടുംബങ്ങളിലായി കുട്ടികളടക്കം 35 പേരാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷമായി തങ്ങളുടെ ദുരിതം അധികൃതരുടെ ശ്രദ്ധില്‍ പലതവണശ്രദ്ധയില്‍ പെടുത്തിയിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലന്നാണ് കോളനിക്കാര്‍ പറയുന്നത്. വന്യമൃഗശല്യം കാരണം രാത്രി പുറത്തിറങ്ങാനും ഇവര്‍ക്കാവില്ല. കോളനിയില്‍ രണ്ടിടത്ത് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടും അതും അധികൃതര്‍ ചെയ്യുന്നില്ലെന്നാണ് ഇവരുടെ ആരോപണം. മഴവെള്ളം കോളനിയില്‍ കയറുന്നതോടെ സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകുന്നതും പലവിധ ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!