ജനപ്രതിനിധിക്ക് നടുറോഡില്‍ പൊലീസിന്റെ അപമാനം കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

0

പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായ സുല്‍ത്താന്‍ബത്തേരി ബാറിലെ അഭിഭാഷകനോട് കോടതിയിലേക്കുള്ള യാത്രാമധ്യേ അപമര്യാദയായി പെരുമാറിയ മീനങ്ങാടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.വയനാട് ജില്ലാ പോലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ഉത്തരവിട്ടത്.

മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍, എസ് ഐ എന്നിവരില്‍ നിന്നാണ് പരാതിക്കാരനായ അഡ്വക്കേറ്റ് പി ഡി സജിക്ക് ഇത്തരമൊരു ദുരനുഭവമുണ്ടായത്.. ജൂലൈ 14ന് വൈകിട്ട് 4.30 നാണ് സംഭവം. വയനാട് ജില്ലാ കോടതിയില്‍ നിന്നും ജാമ്യഉത്തരവ് വാങ്ങി സുല്‍ത്താന്‍ബത്തേരി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിക്കുന്നതിന് വേണ്ടി സ്വന്തം കാറില്‍ യാത്ര ചെയ്യുമ്പോഴാണ് മീനങ്ങാടി സ്റ്റേഷനുമുന്നില്‍ സബീര്‍ എന്ന പോലീസുകാരന്‍ വാഹനം തടഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. വാഹനത്തിന്റെ രേഖകളുമായി സ്റ്റേഷനില്‍ വരാന്‍ സി പി ഒ നിര്‍ദ്ദേശിച്ചു. അഞ്ചുമണിക്ക് കോടതിയില്‍ എത്തേണ്ടതാണ് എന്ന് പറഞ്ഞിട്ട് കേട്ടില്ല. 25 മിനിറ്റ് അഭിഭാഷകനെ റോഡില്‍ നിര്‍ത്തി. തുടര്‍ന്ന് എസ് ഐ 500 രൂപക്ക് പെറ്റി എഴുതി നല്‍കി. സീറ്റ് ബെല്‍റ്റ് ധരിച്ചില്ല എന്ന കുറ്റമാണ് ചുമത്തിയത് .എന്നാല്‍ സീറ്റ്‌ബെല്‍റ്റ് അടക്കമുള്ള എല്ലാ നിയമങ്ങളും അനുസരിച്ചാണ് വാഹനമോടിച്ചതെന്ന് പരാതിക്കാരന്‍ പറഞ്ഞു വാഹനം തടഞ്ഞു നിര്‍ത്തി രേഖകള്‍ ആവശ്യപ്പെടാന്‍ അധികാരമില്ലാത്ത സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു കല്‍പ്പറ്റയില്‍ അടുത്തമാസം നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!