സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ നേരിയ ആശ്വാസം. തക്കാളി അടക്കമുള്ള പച്ചക്കറികളുടെ വിലയിലാണ് കുറവ് വന്നിരിക്കുന്നത്. അതേസമയം മുരിങ്ങ, ക്യാരറ്റ്, കാപ്സിക്കം, ചെറിയുള്ളി അടക്കമുളള പച്ചക്കറികളുടെ വില കുറഞ്ഞിട്ടില്ല. വരും ദിവസങ്ങളില്‍ പച്ചക്കറികളുടെ വില ഇനിയും കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഒരു മാസം മുമ്പ് സെഞ്ച്വറി അടിച്ച തക്കാളി വില ഇന്ന് 40 ലേക്ക് താണു. പച്ചമുളകിന്റെ വില 100ല്‍ നിന്നും 90ആയും, ബീന്‍സും, പയറും 80ല്‍ നിന്നും അറുപതിലേക്കും എത്തി. വെണ്ട് നൂറുരൂപയായിരുന്നത് 80 രൂപയായി കുറഞ്ഞു. സവാള, കിഴങ്ങ്, കാബേജ്, വെളുത്തുള്ളി എന്നിവയുടെ വിലയിലും അഞ്ച് രൂപ മുതല്‍ മുപ്പത് രൂപവരെയുള്ള വിലക്കുറവാണ് വന്നിരിക്കുന്നത്.
അതേസമയം മുരിങ്ങയുടെ വില മൂന്നൂറില്‍ നിന്നും താഴേക്ക് വന്നിട്ടില്ല. കൂടാതെ ചെറിയുള്ളി, ക്യാരറ്റ്, ക്യാപിസിക്കം എന്നിവയുടെ വില നൂറില്‍ തന്നെയാണ് നില്‍ക്കുന്നത്. എങ്കിലും വരും ദിവസങ്ങളില്‍ ഇനിയും വിലയില്‍ കുറവ് വരുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന.