ചതുപ്പ് മണ്ണിട്ടുനികത്തി കെട്ടിടം പണിയുന്നതായി പരാതി
പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥലത്ത് പഴയ പോലീസ് സ്റ്റേഷനു സമീപമുള്ള ചതുപ്പു നിലത്താണ് വന്‍ തോതില്‍ ചതുപ്പ് മണ്ണിട്ടു നികത്തുന്നതായി പരാതിയുള്ളത്. പതിറ്റാണ്ടുകളായി വെള്ളം കെട്ടി കിടക്കുന്ന ചതുപ്പു നിലമാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ കഴിഞ്ഞ പ്രളയത്തില്‍ ഈ പ്രദേശമെല്ലാം വെള്ളത്താല്‍ മൂടി പോയിരുന്നു. ഇപ്പോഴും ഈ സ്ഥലത്ത് വെള്ളം കെട്ടി കിടക്കുന്നുണ്ട് . ഈ അവസ്ഥ നിലനില്‍ക്കെയാണ് ബ്ലോക്ക് പഞ്ചായത്ത് ഇവിടെ മണ്ണിട്ടു നികത്തി കെട്ടിടം പണിയുന്നത്. ഇത്തരം ലോല പ്രദേശങ്ങള്‍ കാത്തു സംരക്ഷിക്കേണ്ട അധികാരികള്‍ തന്നെ ഇത്തരത്തില്‍ ലോല പ്രദേശത്ത് മണ്ണിട്ടു നികത്തി കെട്ടിടം പണിയുന്നതിനെതിരെ കബനി നദി സംരക്ഷണ സമിതി എന്ന സംഘടനയും പ്രതിഷേധവുമായി രംഗത്തുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് അധികാരികളുമായി സംസാരിച്ചപ്പോള്‍, നിലവില്‍ ഇത് ചതുപ്പു നിലമല്ലെന്നും, റവന്യൂ നിലമാണെന്നും , ഇത്തരത്തില്‍ പരാതികള്‍ മുമ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്തിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ പ്രത്യേകം അനുമതി ലഭിച്ചതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അറിയിച്ചു.