മുട്ടില്‍ മരംമുറി കേസില്‍ ഹൈക്കോടതി നിരീക്ഷണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.മരം മുറിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം കല്‍പ്പറ്റയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യൂവകുപ്പിന്റെ പൂര്‍ണ്ണ ഒത്താശയോടെയാണ് മരംമുറി നടന്നതെന്നും ഉത്തരവാദിത്വത്തില്‍ നിന്ന് സിപിഐയ്ക്കും കാനം രാജേന്ദ്രനും ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വില്ലേജ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് മാത്രം കേസില്‍ നടപടിയെടുത്തു എന്ന് അവകാശപ്പെടാന്‍ എങ്ങനെ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.കഴിഞ്ഞ മന്ത്രിസഭയിലെ വനം മന്ത്രിയും റവന്യൂ മന്ത്രിയും കൂടിയാലോചന നടത്തി മുഖ്യമന്ത്രി കൂടി അറിഞ്ഞു കൊണ്ടാണ് മരംമുറി നടന്നത്. ഉത്തരവില്‍ കാപട്യം നിറഞ്ഞതാണെന്നും വിവാദ ഉത്തരവ് പിന്‍വലിച്ചിട്ടും വീട്ടി മരങ്ങള്‍ അടക്കമുള്ള നിരവധി മരങ്ങള്‍ മുറിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികളെയും കര്‍ഷകരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.കൊള്ളക്കാരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെതെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മാഫിയക്ക് കുട പിടിക്കുന്ന നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേതെന്നും അദ്ദേഹം പറഞ്ഞു.