പാമ്പുകടിയേറ്റ ആദിവാസി ബാലനെ തീവ്ര പരിചരണ  വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി

0

വനത്തില്‍ വെ്ച്ച് പാമ്പുകടിയേറ്റ് ഡി എം വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പുല്‍പ്പള്ളി മരക്കടവ് കോളനിയിലെ  ബിജു  – തങ്കമ്മ ദമ്പതിമാരുടെ മകന്‍  അജിത് (13) നെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റിയതായി മെഡിക്കല്‍ കോളേജ് അധികൃതര്‍  അറിയിച്ചു.  ജൂണ്‍ 2ന് വനത്തില്‍ വച്ച് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ അജിത്തിനെ ആദ്യം പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് ഡോ. ഫാത്തിമ തസ്നീമിന്റെ നേതൃത്വത്തില്‍ ഇന്റുബേഷന്‍ ചെയ്ത് ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് ആന്റിവെനം നല്‍കി ഡി എം വിംസിലേക്ക് മാറ്റുകയായിരുന്നു.

പൂര്‍ണ നാഡീവ്യൂഹ തളര്‍ച്ചയോടു കൂടി പ്രവേശിക്കപെട്ട അജിത്തിനെ അത്യാഹിതം ,ശിശു രോഗം , മെഡിക്കല്‍ ഐ സി യു
വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ വിദഗ്ധ പരിചരണത്തോടു കൂടി തുടര്‍ന്നുള്ള 72 മണിക്കൂര്‍ നിരീക്ഷിക്കുകയും അപകട നില
തരണം ചെയ്‌തെന്നു ഉറപ്പിക്കുകയും ചെയ്തു. വിഷ ബാധ മൂലമുള്ള നാഡിവ്യൂഹ തളര്‍ച്ചയും തുടര്‍ന്നു ഹൃദയത്തിന്റെ പ്രവര്‍ത്തന
ക്ഷമതയില്‍ ഉണ്ടായ വ്യതിയാനങ്ങളും പരിഹരിച്ച് രണ്ട് ദിവസം കൂടി സൂക്ഷ്മ നിരീക്ഷണത്തില്‍ വെച്ച ശേഷമാണ് വ്യാഴാഴ്ച്ച വാര്‍ഡിലേക്ക്
മാറ്റിയത്. ഹൃദ്രോഗ വിഭാഗം മേധാവി ഡോ.ചെറിയാന്‍ അക്കരപ്പറ്റി , ന്യൂറോളജിസ്റ്റ് ഡോ. പ്രതീഷ് ആനന്ദ് , നെഫ്രോളജിസ്റ്റ് ഡോ.ശ്രീജേഷ് ബാലകൃഷ്ണന്‍ ശിശു രോഗ വിഭാഗത്തിലെ ഡോ. മനോജ് നാരായണന്‍ ,  ഡോ.ദാമോദരന്‍ ആലക്കോടന്‍ , ഡോ. അന്ന ജോസ് , മെഡിസിന്‍ വിഭാഗത്തിലെ ഡോ. വാസിഫ് മായന്‍ എം സി , ഡോ. ആഷിഖ് അലി എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് അജിത്തിന്റെ ചികിത്സക്ക് നേതൃത്വം നല്‍കി വരുന്നത്.കടിയേറ്റ ഭാഗത്തും, കണങ്കാലിനും ഉണ്ടായ വീക്കം ഗണ്യമായി കുറഞ്ഞെങ്കിലും പാദത്തിലെ തൊലിയില്‍ ഉണ്ടായ വ്രണങ്ങള്‍ ചികിത്സക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.അത് കൊണ്ട് തന്നെ ഏതാനും ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!