കര്‍ഷക കൂട്ടായ്മകളെ ഊര്‍ജ്ജിതമാക്കാന്‍ നബാര്‍ഡ്

0

കല്‍പ്പറ്റ: കാര്‍ഷിക മേഖലയിലെ ചെറുകിട സംരഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി നബാര്‍ഡ്. വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കുന്ന പദ്ധതികളെ ഏകോപിച്ച് മാതൃകാപരമായ നൂറു ചെറുകിട സംരഭങ്ങള്‍ ബാങ്ക് വായ്പ പദ്ധതിയിലൂടെ നടപ്പിലാക്കും. തൃശ്ശൂര്‍, ആലപ്പുഴ, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതികള്‍ ആരംഭിക്കുന്നത്. വിജ്ഞാന വ്യാപനം, വിപണി കണ്ടെത്തല്‍ , മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നീ മാര്‍ഗങ്ങളിലൂടെ ഉല്‍പാദക ക്ഷമത വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.വിവിധ കാര്‍ഷിക മാര്‍ഗങ്ങളെപ്പറ്റി ബോധവല്‍ക്കരണം നല്‍കുന്ന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ എ.അജയകുമാര്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡിന്റെ ജില്ലാ വികസന മാനേജര്‍ ജിഷ വടക്കുംപറമ്പില്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും വയനാട് ലീഡ് ബാങ്ക് മാനേജര്‍ ജി. വിനോദ് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. നിലവിലുള്ള കര്‍ഷക സംഘങ്ങള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുക പുതിയ കൂട്ടായ്മയിലൂടെ ചെറുകിട സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീ, കര്‍ഷക ഉല്‍പാദക സംഘങ്ങള്‍ തുടങ്ങിയവയ്ക്കാണ് മുന്‍ഗണന. യുവസംരഭകര്‍ക്കും പ്രത്യേക പരിഗണനയുണ്ടായിരിക്കും. ജില്ലാ കൃഷി ഓഫീസ്,മൃഗസംരക്ഷണ വകുപ്പ്, ജില്ലാ വ്യവസായ വകുപ്പ്, കൃഷി വിജ്ഞാന്‍ കേന്ദ്ര, പ്ലാനിംഗ് ഓഫീസ്, കുടുംബശ്രീ, വി.എഫ്.പി.സി.കെ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പദ്ധതികള്‍ വിശദീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!