ക്വാറിയുടെ ഖനനാനുമതി റദ്ദാക്കണം
ബാണാസുര മലയടിവാരത്ത് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയുടെ ഖനനാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിന്. കഴിഞ്ഞ പ്രളയകാലത്ത് നിരവധി ഉരുള്‍പൊട്ടലുകള്‍ക്ക് ഇടയാക്കിയ പാറ ഖനനം തുടര്‍ന്നാല്‍ തങ്ങളുടെ വീടിനും ജീവനും ഭീഷണിയാവുമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നാരോക്കടവിലെ ശിലാ ബ്രിക്സ് ആന്റ് ഗ്രാനൈറ്റിനെതിരെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. വെള്ളമുണ്ട വില്ലേജിലെ നാരോക്കടവില്‍ സര്‍വ്വെ നമ്പര്‍ 622 /1 എ യില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ക്വാറിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്. കഴിഞ്ഞ പ്രളയാകലത്ത് പ്രദേശത്തുണ്ടായ വാളാരം കുന്നിലുള്‍പ്പെടെയുണ്ടായ ഉരുള്‍പൊട്ടലുകള്‍ക്ക് കാരണം പാറ ഖനനമാണെണ് നേരത്തെ റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു. ആഗസ്ത് 21 ന് ദുരന്തനിവാരണ അതോരിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് മാനന്തവാടി സബ്കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഈ കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ബാണാസുര മലയിലെ അത്താണി ക്വാറിയുടെയും ശില ബ്രിക്സിന്റെയും പ്രവര്‍ത്തനം തുടര്‍ന്നാല്‍ വന്‍ ദുരന്തങ്ങള്‍ക്കിടയാവുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അത്താണി ക്വാറിയുടെ അനുമതി പുതുക്കി നല്‍കാതിരുന്നത്. എന്നാല്‍ ശില ബ്രിക്സിന് അനുമതി നല്‍കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ നാളെ മുതല്‍ ക്വാറി പ്രവര്‍ത്തനം തടയാന്‍ തീരുമാനിച്ചത്.