സെന്‍ട്രല്‍ റോഡ് ഫണ്ടിന്റെ 15 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം
മാനന്തവാടി: സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ അനുസരിച്ച് മാനന്തവാടി മണ്ഡലത്തിലെ കെല്ലൂര്‍ -ചേരിയംകൊല്ലി- വിളമ്പുകണ്ടം-കമ്പളക്കാട് റോഡു നിര്‍മ്മാണത്തിന് 15 കോടി രൂപ അനുവദിച്ചു. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മണ്ഡലത്തില്‍ സെന്‍ട്രല്‍ റോഡ് ഫണ്ടിന്റെ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നത്. മാനന്തവാടി കല്‍പ്പറ്റ റോഡിനെ ബൈപ്പാസ് റോഡാക്കി ഉപയോഗിക്കാന്‍ കഴിയുന്നതും ഏറെ ജനവാസമുള്ള പ്രദേശവുമാണ് കെല്ലൂര്‍-ചേരിയംകൊല്ലി- വിളമ്പുകണ്ടം- കമ്പളക്കാട് റോഡ്. മാനന്തവാടി കല്‍പ്പറ്റ റോഡില്‍ മലയോര ഹൈവേയും കെല്ലൂര്‍ – കമ്പളക്കാട് റോഡില്‍ സി.ആര്‍.എഫ് പദ്ധതിയും പൂര്‍ത്തിയാകുന്നതോടെ വടക്കേ വയനാട്ടിലെ ജനങ്ങള്‍ക്ക് ജില്ലാ ആസ്ഥാനത്തേക്ക് എത്തിച്ചേരുന്നതില്‍ സുഖമമായ പാത ലഭ്യമാകും. ഒ.ആര്‍. കേളു. എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ സി.ആര്‍.എഫ് പദ്ധതികളുടെ പട്ടികയില്‍ പ്രസ്തുത റോഡ് ഇടം പിടിച്ചത്. പ്രദേശവാസികളുടെ ദീര്‍ഘകാല കാത്തിരിപ്പാണ് പ്രസ്തുത റോഡിന്റെ നിലവാരം ഉയര്‍ത്തുക എന്നത്.