നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി ജില്ലാ പഞ്ചായത്തംഗം.
അധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഇല്ലാതെ ദുരിതത്തിലായ നിര്‍ധന കുടുംബത്തിന് കൈത്താങ്ങായി ജില്ലാ പഞ്ചായത്തംഗം അമല്‍ ജോയ്.തന്റെ ഡിവിഷനിലെ നെന്മേനി പഞ്ചായത്ത്് ഒന്‍പതാം വാര്‍ഡില്‍പ്പെട്ട മുണ്ടക്കൊല്ലിയിലെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളാണ് പഠന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടിലായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വാര്‍ഡംഗം അജയനും വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയും മറ്റ് സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിവിധ സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികളുടെ ദുരവസ്ഥക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.ഇതിനിടയിലാണ് വിഷയം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പറും കെ.എസ്.യു ജില്ലാ പ്രസിഡന്റുമായ അമല്‍ ജോയിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് അമലും സുഹൃത്തുക്കളും ചേര്‍ന്ന് വാര്‍ഡംഗത്തെ ബന്ധപ്പെട്ട് കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകളും മറ്റും ചോദിച്ചറിയുകയും ബുധനാഴ്ച വൈകുന്നേരത്തോടെ മുണ്ടക്കൊല്ലിയിലെത്തി ടി.വി വാര്‍ഡംഗം അജയന് കൈമാറുകയുമായിരുന്നു.പ്രദേശത്തെ നിര്‍ധനനും രോഗിയുമായ യുവാവിന്റെ കുടുംബത്തിലെ പ്ലസ്ടു, എസ്.എസ്.എല്‍.സി, മൂന്ന് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ഇതോടെ പഠന സൗകര്യമൊരുങ്ങിയത്. ഡിവിഷനില്‍ വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ നെറ്റ്വര്‍ക്ക് ഇല്ലാത്തതും പല കുടുംബങ്ങളിലെ കുട്ടികള്‍ക്കും പഠനത്തിലുള്ള ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ഇല്ലാത്തതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് കഴിഞ്ഞ ദിവസം നിവേദനം നല്‍കിയിരുന്നുവെന്ന് അമല്‍ ജോയ് പറഞ്ഞു. കഴിഞ്ഞ ദിവസം ഈ കുട്ടികളുടെ വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സുമനസുകളുടെ സഹായത്തോടെ ടി.വി വാങ്ങി നല്‍കുകയായിരുന്നു. പല കുടുംബങ്ങളിലും ഇത്തരത്തിലുള്ള പ്രയാസങ്ങളുണ്ടെന്നാണ് അന്വേഷണത്തില്‍ നിന്ന് മനസിലായത്. അത്തരക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കാനുള്ള ശ്രമങ്ങള്‍ സുമനസുകളുടെ സഹായത്തോടെ നടപ്പിലാക്കാമെന്നാണ് കരുതുന്നതെന്നും അമല്‍ ജോയ് പറഞ്ഞു.