ഒരാഴ്ചക്കിടെ വടക്കെ വയനാട്ടില്‍ സംഭവിച്ചത് 10 അസ്വാഭാവിക മരണങ്ങള്‍

0

ഒരാഴ്ചക്കിടെ വടക്കെ വയനാട്ടില്‍ അസ്വാഭാവിക മരണങ്ങളുടെ തുടര്‍ക്കഥ. ഈ ഒരു കാലാവധിക്കുള്ളില്‍ 10 മരണങ്ങളാണ് സംഭവിച്ചത്. ഈ മാസം മൂന്നിനാണ് വിഷം കലര്‍ന്ന മദ്യം കഴിച്ച് വരാമ്പറ്റ കൊച്ചറ കോളനിയിലെ തിക്‌നായി(65) മകന്‍ പ്രമോദ്(32) ബന്ധു പ്രസാദ് (38) എന്നിവര്‍ മരിച്ചത്. ഈ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ ദിവസം തന്നെയാണ് ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ചത്. തലപ്പുഴ, ഇടിക്കര, അമ്പലകൊല്ലി മുട്ടാനിയില്‍ അനുപിന്റ് ഭാര്യ മെറീന(24) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മരണത്തില്‍ ഇപ്പോള്‍ ദൂരുഹത ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. ആറാം തിയ്യതിയാണ് വെണ്‍മണി തിടങ്ങഴി തോപ്പില്‍ വിനോദ് (48), ഭാര്യ മിനി (43), മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അപവാദ പ്രചരണത്തില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് കത്തില്‍ എഴുതി വെച്ചിരുന്നു. ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശം ഉന്നയിച്ചിരുന്ന അയല്‍വാസി കുടിയായ വ്യക്തിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എട്ടാം തിയ്യതിയാണ് വിദ്യാര്‍ത്ഥിയെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കെല്ലുര്‍, കാരാട്ടി കുന്ന്, പരേതനായ കട്ടക്കാലന്‍ മൂസയുടെ മകന്‍ നിസാം(15) നെയാണ് മാനന്തവാടി ചൂട്ടക്കടവിലെ ആളൊഴിഞ്ഞ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഈ മാസം ഒന്നിന് നിസാമിനെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. വര്‍ഷങ്ങളായി ആള്‍ താമസമില്ലാത്തതും റോഡില്‍ നിന്ന് പെട്ടെന്ന് കാണാന്‍ കഴിയാത്തതുമായ വീട്ടില്‍ വിദ്യാര്‍ത്ഥി എത്തിയതും തൂങ്ങി മരിച്ചതും ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ലോട്ടറി വില്‍പ്പനക്കാരനായ മനോജ് തൂങ്ങിമരിച്ചത്. വര്‍ഷങ്ങളായി മാനന്തവാടി നഗരത്തില്‍ വിവിധ ജോലികള്‍ ചെയ്ത് വരുന്ന മനോജ് ഏവര്‍ക്കും സുപരിചിതനാണ്. കുറച്ച് കാലമായി ലോട്ടറി കച്ചവടം നടത്തി വരികയായിരുന്ന ഇയാള്‍ ക്ലബ്ബ് കുന്നിലെ വാടക ക്വര്‍ട്ടേഴ്‌സിന് മുന്നിലാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക ബാധ്യതയോ, മറ്റ് കുടുംബ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. മാനന്തവാടി സര്‍ക്കിളിന് കീഴിലെ വിവിധ പോലീസ് സ്റ്റേഷനുകള്‍ക്ക് കീഴീലാണ് മരണങ്ങളെല്ലാം എന്നതിനാല്‍ തന്നെ അസ്വാഭവിക മരണങ്ങളുടെ പരമ്പര പോലീസ് ഉദ്യോഗസ്ഥര്‍ക്കും തലവേദനയായി മാറിയിരിക്കുകയാണ്. ഒരാളെ കൊല്ലാനുള്ള ശ്രമത്തിനിടെ നിരപരാധികളായ മൂന്ന് പേര്‍ കൊല്ലപ്പെട്ടതും, മറ്റ് ദുരൂഹ മരണങ്ങളുമെല്ലാം പൊതു ജനത്തിന് ഇടയില്‍ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!