റേഞ്ച് ഓഫീസര്‍ ശശികുമാര്‍  ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്നു

0

രണ്ട് തവണ കടുവയുടെ ആക്രമണത്തില്‍ മരണത്തെ മുഖാമുഖം കണ്ടു, ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ജീവന്‍ തിരിച്ചുകിട്ടിയതോ തലനാരിഴക്ക്. ഔദ്യോഗിക ജീവിതത്തിനിടയില്‍ നേരിട്ട വന്‍പ്രതിസന്ധികളെ ഓര്‍മ്മകളാക്കി 36 വര്‍ഷത്തെ സര്‍വീസിന് ശേഷം ചെതലയം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ശശികുമാര്‍ മെയ് 31 ന് വിരമിക്കും. 1985-ല്‍ കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് കീഴിലെ പശുക്കടവ് സെക്ഷനില്‍ ഫോറസ്റ്റ് ഗാര്‍ഡ് തസ്തികയിലായിരുന്നു ആദ്യനിയമനം.

1990-95 കാലഘട്ടത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടക്ക് നേതൃത്വം നല്‍കാന്‍ സാധിച്ചത് ജീവിതത്തിലെ മറക്കാനാവാത്ത ഓര്‍മ്മയാണ്. കേരളാ-കര്‍ണാടക അതിര്‍ത്തി പ്രദേശമായ പെരിക്കല്ലൂര്‍ പാതിരി മാടലില്‍ വേഷം മാറിപ്പോയാണ് അന്ന് 68 കിലോയോളം തൂക്കം വരുന്ന ആനക്കൊമ്പ് പിടിച്ചെടുക്കാന്‍ സാധിച്ചത്. കര്‍ണാടകത്തിലെ ബൈരക്കുപ്പ നിവാസികളായിരുന്നു ആ കേസിലെ പ്രതികള്‍. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ച് ഒരു കോടി രൂപയുടെ ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ പിടിച്ചെടുക്കാനും, നിലമ്പൂര്‍, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ആനക്കൊമ്പ്, പുലിത്തോല്‍ എന്നിവ കണ്ടെടുത്ത് പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനും കഴിഞ്ഞു.

അക്കാലത്തെ വനം വകുപ്പിന്റെ ശക്തമായ പരിശോധനകളും, അന്വേഷണങ്ങളുമാണ് ക്രമേണ ആനക്കൊമ്പു കേസുകള്‍ ഇല്ലാതാക്കിയെന്ന് തന്നെ പറയാവുന്ന സാഹചര്യത്തിലെത്തിച്ചതെന്ന് ശശികുമാര്‍ പറയുന്നു. 1999-ല്‍ തൊടുപുഴയിലെ എസ്റ്റേറ്റില്‍ നിന്നും ഒരു ലോഡോളം വരുന്ന ചന്ദനം പിടികൂടിയതും സര്‍വീസിലെ മറക്കാനാവാത്ത സംഭവങ്ങളിലൊന്നായി ശശികുമാര്‍ ഓര്‍ത്തെടുക്കുന്നു.ഫോറസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് രാധാകൃഷ്ണന്റെ മരണശേഷം പത്തൊന്‍പതാം വയസിലാണ് ശശികുമാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്.

പ്രമോഷനായി പല ജില്ലകളില്‍ ജോലി ചെയ്തു. അട്ടപ്പാടി കണ്ണവം, മൂവാറ്റുപുഴ വീട്ടൂര്‍, മലപ്പുറം എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചു. പിന്നീടാണ് വയനാട്ടിലെത്തുന്നത്. ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് മരണത്തെ മുഖാമുഖം കണ്ട മൂന്ന് സംഭവങ്ങള്‍ ശശികുമാറിന്റെ ജീവിതത്തിലുണ്ടാകുന്നത്.വന്യമൃഗശല്യം അതിരൂക്ഷമായ വയനാട്ടില്‍ സമീപകാലത്ത് ജനവാസ കേന്ദ്രങ്ങളില്‍ കടുവയിറങ്ങുന്നത് നിത്യസംഭവമാണ്. ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയക്കും. വളര്‍ത്തുമൃഗങ്ങളെ കടുവകള്‍ കൊന്നൊടുക്കുമ്പോള്‍ ജീവിതോപാധികളില്ലാതാവുന്ന സാധാരണക്കാരുടെ പ്രതിഷേധം ശക്തമാവുമ്പോള്‍ ജീവന്‍ പണയം വെച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ തുരത്താനിറങ്ങും, തുരത്തിയ കടുവ തിരിച്ചെത്തിയാല്‍ കൂട് വെക്കുന്ന നടപടികളിലേക്ക് നീങ്ങും. കൂട്ടിലായ കടുവയെ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതടക്കം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വരുന്നത് കടുത്ത പ്രതിസന്ധികളാണ്.

2021 ജനുവരി മാസത്തിലാണ് ഒടുവില്‍ ശശികുമാറിന് കടുവയെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നത്. മുള്ളന്‍കൊല്ലി സീതാമൗണ്ട് കൊളവള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ തുരത്താനുള്ള ശ്രമത്തിനിടെയായിരുന്നു അപ്രതീക്ഷിതമായി ശശികുമാറിനെ കടുവ ആക്രമിക്കുന്നത്. പരിക്ക് ഗുരുതരമായിരുന്നു. അതിവേഗത്തില്‍ അദ്ദേഹത്തെ ബത്തേരി താലൂക്ക്  ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധചികിത്സക്കായി പിന്നീട് മേപ്പാടിയിലെ വിംസ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.ഇടതു തോളിന്റെ ഭാഗത്തേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് അടിയന്തരമായി ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. ആഴ്ചകളോളം ചികിത്സ നടത്തിയെങ്കിലും ഇപ്പോഴും പൂര്‍വസ്ഥിതിയിലെത്തിയിട്ടില്ല.

ഈ സംഭവത്തിനു മുമ്പും ശശികുമാറിന് വയനാട്ടില്‍ നിന്ന് തന്നെ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. 2020 ഒക്ടോബറില്‍ പുല്‍പ്പള്ളി പാളക്കൊല്ലിയില്‍ വെച്ചായിരുന്നു അത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ തുരത്തുന്നതിനിടെ ശശികുമാറിന് നേരെ ചാടിയ കടുവയില്‍ നിന്നും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത് ഹെല്‍മറ്റായിരുന്നു. അന്ന് കടുവയുടെ ആക്രമണത്തില്‍ ഹെല്‍മറ്റ് ചെവിയുടെ മുകളിലായി തുളഞ്ഞുകയറി പരിക്ക് പറ്റി ചികിത്സതേടേണ്ട സാഹചര്യവുമുണ്ടായി. പനമരം നീര്‍വാരത്ത് വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന ശശികുമാര്‍ സഞ്ചരിച്ചിരുന്ന ഫോറസ്റ്റ് വാഹനം തകര്‍ക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!