ജില്ലയുടെ ഭൂവിനിയോഗം സംബന്ധിച്ച് സമഗ്രവും ശാസ്ത്രീയവുമായ പഠനം നടത്താന്‍ ശുപാര്‍ശ ചെയ്യുമെന്ന് നിയമസഭാ എസ്റ്റിമേറ്റ്‌സ് സമിതി. കാലവര്‍ഷക്കെടുതിയില്‍ കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കളക്ട്രേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് സമിതി ചെയര്‍മാന്‍ എസ്.ശര്‍മ എം.എല്‍.എ. ഇക്കാര്യം വ്യക്തമാക്കിയത്. ശാസ്ത്രീയമായ ഭൂവിനിയോഗം ജില്ലയില്‍ ആവശ്യമാണ്. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ അനിയന്ത്രിതമായ ഇടപെടലുകള്‍ നടത്തുന്നത് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുന്നു. അശാസ്ത്രീയമായ കെട്ടിട നിര്‍മ്മാണങ്ങളും ഖനനങ്ങളും കൃഷി രീതികളും ജൈവവ്യവസ്ഥയെ തകര്‍ക്കും. സാങ്കേതിക വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വേണം ഓരോ പ്രദേശത്തെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ഇക്കാര്യത്തില്‍ ചില മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണെന്നും സമിതി ചെയര്‍മാന്‍ പറഞ്ഞു. എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, എ.പി അനില്‍കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, ടി.വി രാജേഷ്, സി.കെ ശശീന്ദ്രന്‍ എന്നീ സമിതിയംഗങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ദുരന്തബാധിതര്‍ക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങള്‍ പരാതിരഹിതമായും സമയബന്ധിതമായും വിതരണം ചെയ്യണമെന്ന് സമിതി അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷക്കെടുതിയില്‍ ജില്ല നേരിട്ട നാശനഷ്ടങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ സമിതി അംഗങ്ങള്‍ക്ക് വിശദീകരിച്ച് നല്‍കി.
കാര്‍ഷിക മേഖലയിലെ നാശനഷ്ടങ്ങളെ കുറിച്ചും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചുമുള്ള റിപ്പോര്‍ട്ട് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി ജോസഫ് സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചു. സെപ്തംബര്‍ വരെ ജില്ലയില്‍ 1008.65 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 224.5 കോടിയുടെ പൂര്‍ണ്ണ വിളനാശവും 784.15 കോടിയുടെ ഭാഗിക വിളനാശവുമുണ്ടായതായി സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന് 10 കോടിയുടെയും വിള ഇന്‍ഷൂറന്‍സ് പദ്ധതിക്ക് 1.5 കോടിയുടെയും അധിക ധനസഹായം ആവശ്യമാണ്. ഹെക്ടറിന് ഇന്‍പുട്ട് സബ്സിഡിയായി നല്‍കാവുന്ന 18000 രൂപ പണമായി നല്‍കുന്നതിനുളള തീരുമാനം വേണം. ഈ ഇനത്തില്‍ 75 കോടിയുടെ ധനസഹായവും ആവശ്യമാണ്. 1058 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷി പുനരാരംഭിച്ചു. ഇതിനായി 84.66 ടണ്‍ നെല്‍വിത്ത് വിതരണം ചെയ്തതായി കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞു. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2000 ഹെക്ടര്‍ വാഴകൃഷി ചെയ്യുന്നതിനുളള വാഴകന്നുകളും വിതരണം ചെയ്തു. 15 ലക്ഷം പച്ചക്കറികളും 5200 പച്ചക്കറി പാക്കറ്റുകളും നവംബര്‍ മാസത്തോടെ വിതരണം ചെയ്യും. പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായമായി 10.14 കോടി രൂപ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. വിള ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം 98 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. യോഗത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ, എ.ഡി.എം കെ. അജീഷ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് സമിതി അംഗങ്ങള്‍ കാലവര്‍ഷക്കെടുതി നേരിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.